ന്യൂദല്‍ഹി- ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ ട്വീറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് അല്‍പ്പം തമാശ കലര്‍ത്തി ഭാര്യയുടെ ഈ തീരുമാനത്തോട് പ്രതികരിച്ചത്. ഈ തീരുമാനത്തിന് മാഡത്തോട് വളരെ നന്ദിയുണ്ടെന്നും മില്‍ഖാ സിങിനു പോലും ഓട്ടം നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു ആദ്യ സ്വരാജിന്റെ ആദ്യ ട്വീറ്റ്. പിന്നീട് വന്ന ട്വീറ്റുകളില്‍ ചരിത്രവും പരിഭവവുമാണ് നിറഞ്ഞു നില്‍ക്കുന്നത്.
ഈ മാരത്തണ്‍ ഓട്ടം 1977ല്‍ തുടങ്ങിയതാണ്. 11 തെരഞ്ഞെടുപ്പുകള്‍ നേരിട്ട് മത്സരിച്ചു. വാസ്തവത്തില്‍ രണ്ട് അവസരങ്ങള്‍ ഒഴികെ 1977നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും താങ്കള്‍ മത്സരിച്ചിട്ടുണ്ട്. 1991ലും 2004ലും പാര്‍ട്ടി അനുമതി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അത്-സ്വരാജ് പറഞ്ഞു. ലോക്സഭയില്‍ നാലു ടേമിലും രാജ്യസഭയിലേക്ക് മൂന്ന് തവണയും സംസ്ഥാന നിയമസഭയിലേക്ക് മൂന്ന് തവണയും തെരഞ്ഞെടുക്കപ്പെട്ടു. 25ാം വയസ്സു മുതല്‍ താങ്കള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു. 41 വര്‍ഷം തെരഞ്ഞെടുപ്പു മത്സരം ഒരു മാരത്തണ്‍ തന്നെയാണ്. മാഡം, ഞാന്‍ 46 വര്‍ഷമായി താങ്കളുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു. ഞാനൊരു 19കാരനല്ല. ഞാനും തളരുകയാണ്. നന്ദി- മറ്റൊരു ട്വീറ്റില്‍ സ്വരാജ് കൗശല്‍ പറഞ്ഞു.