ബോളിവുഡിനെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ് ദീപിക പദുക്കോണ്‍ റണ്‍വീര്‍ സിങ്ങ് വിവാഹത്തിന്റെ ചിത്രങ്ങള്‍. അത്രയ്ക്ക് കളര്‍ഫുള്ളായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്നതിനാല്‍ ചിത്രങ്ങളൊന്നും നേരത്തെ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടിയിരിക്കുകയാണ്. കൊങ്കിണി ആചാരപ്രകാരം നടന്ന വിവാഹത്തിന്റെയും, സംഗീത്, മെഹന്ദി തുടങ്ങിയ ചടങ്ങുകളുടെയും ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്.കാരണം സിനിമയിലെ സീനുകളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു അവയെല്ലാം.
ചിത്രങ്ങള്‍ക്ക് താഴെ ബോളിവുഡിലെ സെലിബ്രിറ്റികള്‍ കുറിക്കുന്ന കമന്റുകളും രസകരമാണ്. ഇത് കണ്ടിട്ട് വാഹം കഴിക്കാന്‍ കൊതിയാകുന്നു എന്നാണ് സംവിധായകനും ടി.വി അവതാരകനുമായ കരണ്‍ ജോഹര്‍ കുറിച്ചത്.
പ്രമുഖ ഡിസൈനറായ സവ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് ധരിച്ചത്. ദീപിക ചുവപ്പ് വസ്ത്രമണിഞ ചിത്രത്തിന് കീഴില്‍ ഇത് പത്മാവത് ആണോ എന്ന ചോദ്യവും പലരും ചോദിച്ചു.
നവംബര്‍ 15ന് നടന്ന ഈ വിവാഹ ചടങ്ങുകളുടെ പേരില്‍ വിവാദവുമുണ്ട്. വിവാഹ ചടങ്ങിനായി വേദിയില്‍ താല്‍ക്കാലികമായി ഒരു ഗുരുദ്വാര പണിതുവെന്നതാണ് ആരോപണ വിഷയം. സിഖ് മതാചാര പ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന ചടങ്ങാണ് വിവാദത്തിലായത്. സിഖ് മതാചാര പ്രകാരം ഗുരു ഗ്രന്ഥ സാഹിബ് ഗുരുദ്വാരയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവാദമില്ല.
എന്നാല്‍ രണ്‍വീര്‍ ദീപിക വിവാഹ ചടങ്ങില്‍ ഗുരു ഗ്രന്ഥ സാഹിബ് പുറത്തെടുത്ത് സിഖ് ആചാരം ലംഘിച്ചുവെന്നാണ് ആരോപണം. അകാല്‍ തക്ത് ജതേര്‍ എന്ന സിഖ് സംഘടന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുന്നതിന് അഞ്ച് പുരോഹിതര്‍ക്ക് പരാതി കൈമാറുമെന്നും കേസുമായി പോകുമെന്ന് അകാല്‍ തക്ത് ജാതേര്‍ അറിയിച്ചു.
മുമ്പ് ബോളീവുഡ് നടി സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹത്തിനെതിരെയും സിഖ് സമൂഹം രംഗത്ത് വന്നിരുന്നു. വിവാഹ സമയത്ത് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നതായിരുന്നു ആരോപണം. സിഖ് മതാചാരം ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണമെന്നുണ്ട്.