സഹപ്രവര്‍ത്തകയുടെ മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അലോക് നാഥിനെതിരെ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത് മുംബൈ പോലീസ്. 19 വര്‍ഷം മുമ്പ് ടിവി ഷോയ്ക്കായി ഒന്നിച്ച് ജോലി ചെയ്യുമ്പോളാണ് പരാതിയ്ക്ക് ആധാരമായ സംഭവം നടന്നത്.
അലോക് നാഥിന്റെ വീട്ടില്‍ വെച്ച് നടന്ന പാര്‍ട്ടിയില്‍ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തനിക്ക് നല്‍കിയെന്നും അസ്വസ്തത അനുഭവപ്പെട്ടപ്പോള്‍ അലോക് നാഥ് ഡ്രോപ്പ് ചെയ്യാം എന്ന വ്യാജേന തന്നെ മറ്റൊരിടത്ത് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം, ഒക്ടോബര്‍ 8നാണ് ഇവര്‍ മീടു ക്യാമ്പയിനിന്റെ ഭാഗമായി ഈ സംഭവം വെളിപ്പെടുത്തിയത്.
പരാതിക്കാരിയുടെ ആരോപണത്തിന് പിന്നാലെ തന്റെ ഭര്‍ത്താവിനെ അനാവശ്യമായി ഇത്തരമൊരു ആരോപണത്തിലേക്ക് വലിച്ചിഴച്ചുവെന്ന് കാണിച്ച് അലോക് നാഥിന്റെ ഭാര്യ അഷു സിങ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. എന്നാല്‍ അഷു സിങ്ങിന്റെ കേസ് മുംബൈ ഹൈക്കോടതി തള്ളി. തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ അലോക് നാഥും രംഗത്തുവന്നിരുന്നു.