ഇസ്‌ലാമാബാദ്- ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാനും തമ്മിൽ വാക്‌പോര്. ബില്യൺ കണക്കിന് ഡോളർ അമേരിക്ക പാക്കിസ്ഥാന് സഹായമായി നൽകിയിട്ടും അവർ ഒരു ചുക്കും തിരിച്ചു ചെയ്തു തന്നിട്ടില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെയാണ് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്താൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പാക്കിസ്ഥാൻ ചെയ്തതു പോലെ മറ്റാരാണ് ഭീകരവിരുദ്ധ പോരാട്ടത്തിൽ അമേരിക്കയെ സഹായിച്ചതെന്ന മറുചോദ്യമായിരുന്നു ഇംറാന്റേത്. പാക്കിസ്ഥാനെ അതിന്റെ വീഴ്ചകളുടെ പേരിൽ ബലിയാടാക്കുന്നതിനു മുമ്പ് അമേരിക്ക ഇക്കാര്യത്തിൽ ഗൗരവമായ സ്വയം വിലയിരുത്തൽ നടത്തണം. 1.4 ലക്ഷം നാറ്റോ സൈനികരും, രണ്ടര ലക്ഷം അഫ്ഗാനിസ്ഥാൻ സൈനികരുമുണ്ടായിട്ടും, അഫ്ഗാനിലെ യുദ്ധത്തിന് ഇതിനകം ഒരു ട്രില്യൺ ഡോളർ മുടക്കിക്കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് താലിബാൻ മുമ്പെന്നത്തേക്കാളും കരുത്തരായി നിലകൊള്ളുന്നത്? -ഇംറാൻ ട്വിറ്ററിൽ ചോദിച്ചു.
അമേരിക്കൻ ചാനലായ ഫോക്‌സ് ന്യൂസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാക്കിസ്ഥാനെതിരെ ട്രംപ് രൂക്ഷ വിമർശനം നടത്തിയത്. പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതിനെ ന്യായീകരിച്ച ട്രംപ്, അൽഖാഇദ തലവൻ ഉസാമ ബിൻ ലാദിൻ എവിടെയായിരുന്നുവെന്ന് പാക് അധികൃതർക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. 2011ൽ നമ്മൾ കണ്ടെത്തുന്നതു വരെ പാക് മിലിറ്ററി അക്കാദമിക്ക് സമീപമുള്ള മനോഹര ഭവനത്തിൽ സുഖമായി കഴിയുകയായിരുന്നു ബിൻലാദിൻ. പാക്കിസ്ഥാനിൽ എല്ലാവർക്കും അക്കാര്യം അറിയാമായിരുന്നു. ഞങ്ങളോ ഓരോ വർഷവും അവർക്ക് 130 കോടി ഡോളർ വീതം നൽകിക്കൊണ്ടിരിക്കുകയും. ഞങ്ങൾ അവർക്ക് പിന്തുണ നൽകിയപ്പോൾ, അവർ തിരിച്ച് ഒരു ചുക്കും ചെയ്തു തന്നില്ല. അതുകൊണ്ട് പണം കൊടുക്കുന്നത് ഞാൻ നിർത്തി -ട്രംപ് പറഞ്ഞു.
എന്നാൽ അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തിൽ പങ്കാളികളായതിന്റെ പേരിൽ പാക്കിസ്ഥാന് കനത്ത നഷ്ടമാണ് നേരിട്ടതെന്ന് ഇംറാൻ ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 11 ആക്രമണത്തിൽ ഒരു പാക്കിസ്ഥാനി പോലും പങ്കെടുത്തിരുന്നില്ല. എന്നിട്ടും അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകാൻ നമ്മൾ തീരുമാനിച്ചു. ഞങ്ങൾക്ക് ഈ യുദ്ധത്തിൽ 75,000 സൈനികരെ നഷ്ടപ്പെട്ടു.
നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് 123 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയുടെ 20 ബില്യൺ ഡോളർ സഹായം നിസ്സാരമാണ്. ഇതുപോലെ ത്യാഗം ചെയ്ത മറ്റേതെങ്കിലുമൊരു സഖ്യരാഷ്ട്രത്തെ ട്രംപിന് ചൂണ്ടിക്കാണിക്കാനാവുമോ എന്നും ഇംറാൻ ചോദിച്ചു.