ന്യൂദൽഹി- ശബരിമല വിഷയത്തിൽ ബി.ജെ.പി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ഹർത്താൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പദ്ധതിയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. വിശ്വാസികളുടെ പേരിൽ ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുന്നു. ആർ.എസ്.എസ് നടത്തുന്നതാകട്ടെ ഹിന്ദു വിരുദ്ധ നടപടികളാണ്. അക്രമ സംഭവങ്ങൾ അപലപനീയമാണെന്നും ഹർത്താൽ തീർഥാടകർക്കെതിരേ ഉള്ളതായിരുന്നെന്നും യെച്ചൂരി പറഞ്ഞു.
സമാധാനമായി ഭക്തർക്ക് ദർശനം നടത്താനുള്ള സാഹചര്യമാണ് ഹർത്താൽ വഴി ഇല്ലാതാക്കിയതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കേരളത്തിൽ ജനങ്ങൾ എൽ.എഡി.എഫിനൊപ്പം നിൽക്കുമെന്നാണു പ്രതീക്ഷ. പുറത്തു നിന്നു വരുന്നവരും സർക്കാരുമായും സഹകരിക്കണമെന്നാണ് തൃപ്തി ദേശായിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വൃന്ദ കാരാട്ട് പറഞ്ഞത്. തൃപ്തി ദേശായിക്ക് പിന്നിൽ ഗൂഢലക്ഷ്യം ഉണ്ടെന്നതിന് തന്റെ കയ്യിൽ തെളിവില്ലെന്ന് അവർ പറഞ്ഞു. തൃപ്തി ദേശായി ലിംഗ സമത്വത്തിനായാണ് പ്രവർത്തിക്കുന്നത്. ശബരിമല സന്ദർശിക്കാൻ ഏത് സ്ത്രീ വന്നാലും കേരള സർക്കാർ അതിന് സൗകര്യം ഒരുക്കണം -വൃന്ദ കാരാട്ട് പറഞ്ഞു.