ഫുട്‌ബോൾ ലീക്‌സ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട നികുതി വെട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കഥകൾ ഫുട്‌ബോളിലെ ട്രാൻസ്ഫറുകളുടെ ഇരുണ്ട ചരിത്രമാണ്. ഫുട്‌ബോൾ ഏജന്റുമാരുടെ പേരിലാണ് ഈ കള്ളക്കളികൾ.
ഓരോ വലിയ ഫുട്‌ബോൾ കളിക്കാരന്റെ പിന്നിലുമുണ്ടാവും വിജയശ്രീലാളിതനായി ഒരു ഫുട്‌ബോൾ ഏജന്റ്. ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഒഴികെ അയാൾ കളിക്കാരന്റെ കൂടെ വിലപേശി നിൽപുണ്ടാവും. ഉദാഹരണത്തിന് മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് താരം ഗെയ്ൽ ക്ലിഷിയുടെ കാര്യമെടുക്കുക. 2011 ലാണ് ക്ലിഷി സിറ്റിയിൽ ചേർന്നത്, വർഷം 40 ലക്ഷത്തിലേറെ പൗണ്ട് പ്രതിഫലത്തിൽ. രേഖയനുസരിച്ച് ചർച്ചയിൽ ക്ലിഷിയെ പ്രതിനിധീകരിച്ചത് ഡാരൻ ഡെയ്‌നാണ്. 2010 മുതൽ ഡെയ്ൻ ഈ താരത്തിന്റെ ഏജന്റാണെന്നതിന് ഒരുപാട് രേഖകളുണ്ട്. ഡെയ്ൻ ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നത് ഇപ്പോൾ ബ്രിട്ടീഷ് നികുതി വകുപ്പ് അന്വേഷിക്കുകയാണ്. ലോകത്തിലെ എല്ലാ കോടീശ്വരന്മാരായ ഫുട്‌ബോൾ കളിക്കാരും ഇന്ന് നികുതി വകുപ്പുമായി യുദ്ധത്തിലാണ്. കോടികളാണ് നികുതി വെട്ടിപ്പായി രേഖപ്പെടുത്തിയിരിക്കുന്നത്. ഫുട്‌ബോൾ ലീക്‌സ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട വെട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കഥകൾ ഫുട്‌ബോളിലെ ട്രാൻസ്ഫറുകളുടെ ഇരുണ്ട ചരിത്രമാണ്.
കളിക്കാരന് കിട്ടുന്ന പ്രതിഫലത്തിന്റെ അഞ്ചു ശതമാനം വരെയാണ് സാധാരണ ഏജന്റുമാർക്ക് ലഭിക്കാറ്. പലപ്പോഴും ക്ലബ്ബുകൾ കളിക്കാരനുള്ള പ്രതിഫലത്തിന്റെ പാക്കേജിൽ ഈ കമ്മീഷനും പെടുത്തും. അതനുസരിച്ച് ഈ തുകക്ക് നികുതി അടയ്‌ക്കേണ്ടത് കളിക്കാരനാണ്. അതിനുള്ള സോഷ്യൽ സെക്യൂരിറ്റി അടയ്‌ക്കേണ്ട ബാധ്യത ക്ലബ്ബിനും. എന്നാൽ ഏജന്റ് ക്ലബ്ബിനു വേണ്ടിയാണ്, അല്ലാതെ കളിക്കാരനു വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നു കാണിച്ചാൽ അതിന് നികുതിയില്ല. അത് ബിസിനസ് ചെലവായി ഉൾപ്പെടുത്തും. ഫലത്തിൽ സർക്കാറിന് നികുതി നഷ്ടപ്പെടും.
2011 ൽ ഡെയ്‌നിന് മാഞ്ചസ്റ്റർ സിറ്റി നൽകിയത് 12 ലക്ഷം പൗണ്ടായിരുന്നു. ഇക്കാര്യം രേഖയിൽ സൂചിപ്പിച്ചില്ല. ഡെയ്ൻ കളിക്കാരന്റെ ഏജന്റാണെന്നിരിക്കേ അത് രേഖപ്പെടുത്തുകയും അദ്ദേഹത്തിന് കിട്ടുന്ന തുകക്ക് നികുതി അടയ്ക്കുകയും വേണം. ഇത് തർക്കമായി. ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബും ബ്രിട്ടീഷ് നികുതി വകുപ്പും തമ്മിൽ അനുരഞ്ജന ചർച്ച നടന്നു. നികുതിയിനത്തിൽ 10 ലക്ഷം പൗണ്ടെങ്കിലും ക്ലബ് വെട്ടിച്ചിട്ടുണ്ടാവണമെന്നാണ് കണക്ക്.
സമീപകാലത്താണ് ബ്രിട്ടീഷ് നികുതി വകുപ്പ് ക്ലബ്ബുകളുടെ ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയത്. നവംബർ വരെ 171 കളിക്കാരുടെ ഇടപാടുകൾ വകുപ്പ് പരിശോധിച്ചു. 44 ക്ലബ്ബുകളും 31 ഏജന്റുമാരും അന്വേഷണ പരിധിയിൽ വന്നു. 33.2 കോടി പൗണ്ടിന്റെ ഇടപാടാണ് വെളിച്ചത്തു വന്നത്. പഴയ നികുതി കുടിശ്ശിക പിഴയില്ലാതെ ഈടാക്കാൻ സർക്കാർ സമ്മതിക്കുകയായിരുന്നു. ഏജന്റുമാർ ഒരേസമയം ക്ലബ്ബിനെയും കളിക്കാരനെയും പ്രതിനിധീകരിക്കുകയായിരുന്നു എന്ന് അംഗീകരിക്കുകയും ചെയ്തു അവർ.
2015 മെയ് മുതൽ 2018 ജനുവരി വരെ പ്രീമിയർ ലീഗ് ക്ലബ്ബുകളും കളിക്കാരും തമ്മിലുള്ള 1400 കരാർ ചർച്ചകളിൽ ഏജന്റുമാർ ഇടനിലക്കാരായി. അതിൽ 80 ശതമാനത്തിലും ഏജന്റുമാരും ഒരേസമയം കളിക്കാരന്റെയും ക്ലബ്ബുകളുടെയും പ്രതിനിധിയാണെന്നാണ് ഫുട്‌ബോൾ അസോസിയേഷൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഫലത്തിൽ ഏജന്റുമാർ പ്രതിനിധീകരിച്ചത് കളിക്കാരനെ മാത്രമായിരുന്നു.
കളിക്കാർക്ക് പലപ്പോഴും ഏജന്റുമാർ ഇല്ലാതെ കരാർ ചർച്ചകൾ സാധ്യമാവില്ല. ഇഷ്ട ക്ലബ്ബുകൾ തെരഞ്ഞെടുക്കാനും പ്രതിഫലം സംബന്ധിച്ച് ധാരണയിലെത്താനും പരസ്യ വരുമാനം പോലെ മറ്റ് ഇടപാടുകളിൽ പരമാവധി നേട്ടമുറപ്പാക്കാനും ഏജന്റുമാർ വേണം. 2000 ത്തിനു ശേഷം കളിക്കാരുടെ കരാർ തുക വൻ തോതിൽ വർധിച്ചു. ഏജന്റുമാരുടെ വിഹിതം അതിനനുസരിച്ച് കൂടി. അതോടെയാണ് ഇടപാടുകളിലെ നികുതി വെട്ടിപ്പ് അധികൃതർ ശ്രദ്ധിച്ചു തുടങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ വിൻസന്റ് കോമ്പനിയുടെ ട്രാൻസ്ഫറാണ് ശ്രദ്ധിക്കപ്പെട്ട ഒരു ഇടപാട്. 2014 നവംബറിൽ ബെൽജിയംകാരനായ ഏജന്റ് ജാക്ക് ലെക്റ്റൻസ്റ്റെയ്ൻ താൻ വർഷങ്ങളായി കോമ്പനിയുടെ പ്രതിനിധിയാണെന്ന് ഡച്ച് മാഗസിൻ സ്‌പോർട്‌സ് ഫുട്‌ബോളിനോട് സമ്മതിച്ചിരുന്നു. എന്നാൽ 2012 ജൂലൈയിൽ സിറ്റിയുമായി കോമ്പനി വർഷം 60 ലക്ഷം പൗണ്ട് പ്രതിഫലത്തിൽ കരാർ പുതുക്കിയപ്പോൾ ഫുട്‌ബോൾ അസോസിയേഷന് നൽകിയ രേഖയിൽ ലെക്റ്റൻസ്‌റ്റെയ്ൻ ബെൽജിയം താരത്തിന്റെ ഏജന്റായല്ല ഉള്ളത്. പകരം ഫുട്‌ബോൾ ട്രാൻസ്ഫറുമായി യാതൊരു ബന്ധവുമില്ലാത്ത കോമ്പനിയുടെ പിതാവ് പിയറിയെയാണ് താരത്തിന്റെ പ്രതിനിധിയായി രേഖപ്പെടുത്തിയത്. ബെൽജിയത്തിലോ ഇംഗ്ലണ്ടിലോ രജിസ്‌റ്റേഡ് ഏജന്റായി അംഗീകരിക്കപ്പെട്ട ആളല്ല പിയറി കോമ്പനി. ടാക്‌സി ഡ്രൈവറായും എഞ്ചിനീയറായും മുനിസിപ്പൽ രാഷ്ട്രീയക്കാരനുമായി പ്രവർത്തിക്കുന്നുവെന്നാണ് പിയറിയുടെ വെബ്‌സൈറ്റ് പറയുന്നത്. ലെക്റ്റൻസ്റ്റെയ്‌നെയാവട്ടെ, ക്ലബ്ബിന്റെ ഏജന്റായാണ് കാണിച്ചത്. കോമ്പനിക്ക് ഏജന്റുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പിതാവുമായാണ് കരാർ ചർച്ച നടത്തിയതെന്നും രേഖയിൽ പറയുന്നു. എന്നാൽ പിയറി കോമ്പനിയും ലെക്റ്റൻസ്റ്റെയ്‌നും കരാറിൽ ഒപ്പിട്ടിട്ടില്ല. കോമ്പനിയെ കരാർ ചർച്ചകളിൽ പിതാവാണ് പ്രതിനിധീകരിക്കാറെന്ന് 2015 ഒക്ടോബറിൽ സിറ്റി തെറ്റായി ബോധിപ്പിക്കുകയും ചെയ്തു. യഥാർഥത്തിൽ സംഭവിച്ചതു പോലെ ലെക്റ്റൻസ്‌റ്റെയ്‌നെ കോമ്പനിയുടെ ഏജന്റായി കാണിച്ചാൽ 23 ലക്ഷം പൗണ്ട് നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. ഇത് വിവാദമായതോടെ ക്ലബ്ബും നികുതി വകുപ്പും ഒത്തുതീർപ്പിന് സന്നദ്ധമായി.
ബെൽജിയം കളിക്കാരൻ ഡെഡ്രിക് ബോയ്ത സിറ്റിയിൽ ചേർന്നതുമായി ബന്ധപ്പെട്ട കരാറാണ് മറ്റൊരു വിവാദ വിഷയം. 2010 ലാണ് ബോയ്ത സിറ്റിയിലെത്തിയത്. 2011 ൽ കരാർ പുതുക്കി. രണ്ട് തവണയും പിതാവ് ബിയേൻവേനു ബോയ്തയാണ് കളിക്കാരനെ പ്രതിനിധീകരിച്ചതെന്നാണ് രേഖ. മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കരാർ ചർച്ച നടത്തിയത് ലെക്റ്റൻസ്റ്റെയ്‌നും. ബോയ്ത ആവശ്യപ്പെട്ട തുക യാഥാർഥ്യവുമായി നിരക്കാതെ വന്നതോടെയാണ് ഏജന്റിനെ വെക്കേണ്ടി വന്നതെന്ന് സിറ്റി വിശദീകരിച്ചു. ബോയ്തയുടെ ഒരു കുടുംബ ചടങ്ങിൽ വെച്ചാണ് തങ്ങൾ ലെക്റ്റൻസ്‌റ്റെയ്‌നെ പരിചയപ്പെട്ടതെന്നും സിറ്റി പറയുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ രേഖകളിൽ പോലും ബോയ്തയുടെ ഏജന്റാണ് ലെക്റ്റൻസ്‌റ്റെയ്ൻ. ബെൽജിയം പത്രവുമായുള്ള അഭിമുഖത്തിലും ലെക്റ്റൻസ്റ്റെയ്‌നെ തന്റെ ഏജന്റായാണ് ബോയ്ത പരിചയപ്പെടുത്തുന്നത്.
നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് വന്നതോടെ 2010 മുതൽ ക്ലബ്ബുകളും കളിക്കാരും തന്ത്രം മാറ്റി. ഏജന്റുമാരെ കൡക്കാരന്റെയും ക്ലബ്ബിന്റെയും സംയുക്ത പ്രതിനിധിയായി രേഖപ്പെടുത്തിത്തുടങ്ങി. എന്നിട്ടും നികുതി വെട്ടിക്കേണ്ട സൗകര്യത്തിനായി ഇതിൽ കളിക്കാരന്റേത് വളരെ ചെറിയ ഓഹരിയായി കാണിച്ചു. 2013 ൽ ജോസെ മൗറിഞ്ഞൊ ചെൽസി കോച്ചായി തിരിച്ചുവന്നത് ഇതിന് ഉദാഹരണമാണ്. ജോർജെ മെൻഡസ് എന്ന ഏജന്റാണ് മൗറിഞ്ഞോയെ 2004 മുതൽ പ്രതിനിധീകരിക്കുന്നത്. എന്നാൽ മൗറിഞ്ഞോയുമായുള്ള ചർച്ചയിൽ ഏജന്റ് പ്രതിനിധീകരിച്ചത് 90 ശതമാനവും ക്ലബ്ബിനെയെന്നാണ് രേഖയിൽ. മൗറിഞ്ഞോയെ പ്രതിനിധീകരിച്ചത് 10 ശതമാനം മാത്രവും. എന്നാൽ ഫലത്തിൽ മൗറിഞ്ഞോക്കു വേണ്ടിയാണ് ഏജന്റ് പൂർണമായും പ്രവർത്തിച്ചത്. മൗറിഞ്ഞോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കുള്ള വരവും ഇതുപോലെ കള്ള രേഖകൾ കാണിച്ചാണ്. എന്നാൽ ഇത്തരം പൊരുത്തക്കേടുകളിലൊന്നിലും നികുതി വകുപ്പ് നടപടിയെടുത്തില്ല. നൂറുകണക്കിന് ഇ-മെയിലുകളും കത്തുകളും റോയിറ്റേഴ്‌സ് വാർത്താ ഏജൻസി ഇതിനായി പരിശോധിച്ചിരുന്നു.
ഏഴ് കളിക്കാർക്കായി പ്രവർത്തിച്ചത് രണ്ട് ഏജന്റുമാർ മാത്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി തെറ്റായി ബോധിപ്പിച്ചത് നികുതി വകുപ്പ് കണ്ടെത്തിയിട്ടു പോലും നടപടിയുണ്ടായില്ല.