'അമ്മ'യില്‍ നിന്ന് രാജിവെച്ചു പോയ നടിമാര്‍ക്ക് സംഘടനയില്‍ തിരിച്ചെത്തണമെങ്കില്‍ മാപ്പെഴുതി നല്‍കേണ്ടി വരുമെന്ന സിദ്ദിഖിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. തൊട്ടു പിന്നാലെ സിദ്ദിഖിന്റെ നിലപാടിനെ തള്ളിക്കൊണ്ട് ട്രഷറര്‍ ജഗദീഷ് രംഗത്തെത്തുകയും ചെയ്തു.
സംഘടനയില്‍ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണ്. എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. ആക്രമണത്തിനിരയായ നടിയെക്കൊണ്ടല്ല മാപ്പ് പറയിക്കേണ്ടതെന്നും നമ്മളാണ് തിരിച്ച് അവരോട് മാപ്പ് പറയേണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. ഇരയായ നടിയെക്കൊണ്ടും മാപ്പ് പറയിക്കണമെന്ന് ചിലര്‍ ആവശ്യമുന്നയിച്ചില്ലേ എന്ന ചോദ്യത്തിന് അയ്യേ..അതൊക്കെ വളരെ മോശമായിട്ടുള്ള കാര്യമാണ്. ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണമെന്ന് പറഞ്ഞാല്‍ അതിലപ്പുറം അധമമായ ചിന്ത വേറെയില്ല. അവര്‍ അത്രയും വേദനിച്ചിരിക്കുമ്പോള്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറായാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കണം. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട. നമ്മള്‍ അവരോടാണ് മാപ്പ് പറയേണ്ടത്.