Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജസ്വന്ത് സിങിന്റെ മകന്‍

ജയ്പൂര്‍- രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധരാ രാജെയ്‌ക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മുന്‍ ബി.ജെ.പി നേതാവ് ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങിനെ. ബെ.ജെ.പി വിട്ട് കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്ന മാനവേന്ദ്ര സിങ് ജലര്‍പത്താന്‍ മണ്ഡലത്തിലാണ് മുഖ്യമന്ത്രിയെ നേരിടുന്നത്. ശനിയാഴ്ച കോണ്‍ഗ്രസ് പുറത്തു വിട്ട 32 സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മാനവേന്ദ്രയുടെ പേര് ഉള്‍പ്പെട്ടത്. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് ഫലം പ്രഖ്യാപിക്കും. ഇത്തവണ ബി.ജെ.പിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതിനിടെ വസുന്ധരാ രാജെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എട്ടു സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പിയും ഇന്ന് പുറത്തിറക്കിയിട്ടുണ്ട്.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍മര്‍ ജില്ലയിലെ ഷിയോ മണ്ഡലത്തില്‍ നിന്ന്് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച മാനവേന്ദ്ര സിങ് സെപ്തംബറില്‍ ഒരു റാലിക്കിടെയാണ് ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ കൂടെ പോയത് വലിയ തെറ്റായെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ അച്ഛന്‍ മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി സ്ഥാപക നേതാവുമായ ജസ്വന്ത് സിങിനെ അവഹേളിച്ചതിന് ഈ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ജനങ്ങള്‍ ബി.ജെ.പിയോട് പകരം വീട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കരുത്തനായ രജപുത് നേതാവായ ജസ്വന്ത് സിങിന് ടിക്കറ്റ് നിഷേധിക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് ബാര്‍മര്‍, ജലോര്‍, ജയ്‌സാല്‍മേര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Latest News