തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്കു ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കുപ്രസിദ്ധ പയ്യൻ'. ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രം ഒരു കൊലപാതകത്തിന്റെ നിഗൂഢതകളിലേയ്ക്കും അത് അന്വേഷിച്ചു കണ്ടെത്തുന്ന വഴികളുമൊക്കെയാണ് ഇതിവൃത്തമാക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തിന്റെ ചുവടുപിടിച്ച് ഒരുക്കിയ ഈ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നൽകുന്നത്.
കോഴിക്കോട്ടെ ഇഡ്ഡലി വിൽപനക്കാരിയായിരുന്ന സുന്ദരിയമ്മയുടെ കൊലപാതകം. ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയയ്ക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ ഉദാസീനതയും മനുഷ്യത്വ രഹിതമായ സമീപനവും കൊണ്ടാണ് ഒരു പാവം സ്ത്രീയുടെ കൊലപാതകത്തിന് യാതൊരു തുമ്പുമില്ലാതെ പോയത്. ഈ സംഭവത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് മധുപാൽ തന്റെ മൂന്നാമത്തെ ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നത്.
നടനും സംവിധായകനും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമെല്ലാമാണ് മധുപാൽ. അദ്ദേഹത്തിന്റെ ചെറുകഥകൾ പലതും ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയവയാണ്. ചിലത് അന്യഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്. രാജീവ് അഞ്ചലിന്റെ സംവിധാന സഹായിയായാണ് മധുപാൽ സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. ബട്ടർഫ്‌ളൈസ്, കാശ്മീരം, ഗുരു, മെയ്ഡ് ഇൻ യു.എസ്.എ, നതിംഗ് ബട്ട് ലൈഫ് എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നു. ഭരത് ഗോപിയുടെ യമനം എന്ന ചിത്രത്തിലും സംവിധാന സഹായിയായി.
കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായത്. നെഗറ്റീവ് റോളായിരുന്നെങ്കിലും പ്രേക്ഷകർ അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നു. സൂസന്ന, അഗ്നിസാക്ഷി, ഗുരു, മെയ്ഡ് ഇൻ യു.എസ്.എ, ഋഷിവംശം, വാർധക്യ പുരാണം, രാവണപ്രഭു, ട്വന്റി ട്വന്റി തുടങ്ങി തൊണ്ണൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. കൂടാതെ ഫ്രീകിക്ക് എന്ന ഹിന്ദി ചിത്രത്തിലും നതിംഗ് ബട്ട് ലൈഫ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഒരു നാൾ ഒരു കനവ് എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.
സംവിധാന രംഗത്തേയ്ക്കുള്ള ആദ്യ ചുവടുവെയ്പ് മിനി സ്‌ക്രീനിലൂടെയായിരുന്നു. കൈരളി ചാനലിൽ സംപ്രേഷണം ചെയ്ത ആകാശത്തിലെ പറവകൾ ആയിരുന്നു ആദ്യ പരമ്പര. അമൃത ടി.വി സംപ്രേഷണം ചെയ്ത കാഴ്ച എന്ന പരമ്പരയിൽ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനി സ്‌ക്രീനിലെ മികച്ച രണ്ടാമത്തെ നടനായി. എം.ടിയുടെ കഥകളാണ് കാഴ്ചയിലൂടെ സംപ്രേഷണം ചെയ്തത്. ശരറാന്തൽ എന്ന പരമ്പരയിൽ ജൂഡ് അട്ടിപ്പേറ്റിയുടെ സംവിധാന സഹായിയായി. സുരേഷ് ഗോപി നായകനായ ഭാരതീയം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മധുപാലിന്റേതായിരുന്നു.
തലപ്പാവ് ആണ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. നക്‌സൽ വർഗീസിന്റെ ജീവിതം ഇതിവൃത്തമാക്കിയ ഈ ചിത്രം ഒട്ടേറെ അംഗീകാരങ്ങളാണ് ഇദ്ദേഹത്തിന് നേടിക്കൊടുത്തത്. അടുത്ത ചിത്രമായ ഒഴിമുറിയും പഴയ കാലത്തിന്റെ കഥയായിരുന്നു പങ്കുവെച്ചത്. കൊമേഴ്‌സ്യൽ ചേരുവകൾ തീരെയില്ലാത്ത ഈ സിനിമകൾ നിയമ വ്യവസ്ഥകളും നീതിനിർവ്വഹണവും മനുഷ്യരെ ബാധിക്കുന്നതെങ്ങനെ എന്നായിരുന്നു പറഞ്ഞത്. ഒഴിമുറിക്ക് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യൻ പുതിയ കാലത്തെ ഒരു സാധാരണ മനുഷ്യന്റെ ജീവിതം പറയുന്നു. സമകാലിക സമൂഹത്തിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ അനുഭവിക്കുന്ന ആകുലതകളുടെ നേർകാഴ്ചയാണിത്.
അമ്മയെ പോലെ സ്‌നേഹിക്കുന്ന ഇഡ്ഡലി വിൽപനക്കാരിയായ ചെമ്പകമ്മാളിന്റെ കൊലപാതകത്തെതുടർന്ന് അനാഥനായ അജയനെ പോലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ്. അയാൾക്കു വേണ്ടി കേസ് വാദിക്കുന്നതാകട്ടെ, കോടതി ഏർപ്പെടുത്തിയ വക്കീലും. അന്തർമുഖനും ഭീരുവും ആരുമില്ലാത്തവനുമായ അജയന് ഒടുവിൽ രക്ഷകനായെത്തുന്നത് ഹന്ന എലിസബത്ത് എന്ന അഭിഭാഷകയാണ്. ഹന്നയുടെ ആദ്യ കേസായിട്ടു കൂടി തെളിവുകൾ നിരത്തി അജയനെ മോചിപ്പിക്കുകയാണവൾ.
ചിത്രത്തിന്റെ വിജയത്തിൽ ഏറെ സന്തുഷ്ടനാണ് സംവിധായകൻ മധുപാൽ. തിരുവനന്തപുരത്തെ വീട്ടിൽ ഫോൺ കോളുകൾ നിർത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കുറച്ചു നിമിഷം മലയാളം ന്യൂസിനോടു സംസാരിച്ചപ്പോൾ:
പഴയ ചിത്രങ്ങളിൽനിന്നു മാറി അജയനെപ്പോലുള്ളവരുടെ കഥ പറയാനുള്ള പ്രചോദനം
അജയനെപ്പോലുള്ളവർ ഇവിടെ ഏറെയുണ്ട്. ഒരാളെക്കുറിച്ച് ആർക്കും എന്തും പറയാവുന്ന അവസ്ഥയാണിന്ന്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണെങ്കിൽ അവരെക്കുറിച്ച് എന്തും പറയാൻ സമൂഹത്തിന് യാതൊരു മടിയുമില്ല. എല്ലാവരും നിയമം കൈയിലെടുക്കുകയാണ്. അത്തരമൊരു ദുരവസ്ഥയാണ് അജയൻ അനുഭവിക്കുന്നത്. ഒരു പാവപ്പെട്ട ചെറുപ്പക്കാരനെ കുഴപ്പക്കാരനെന്നു മുദ്ര കുത്തി ജയിലിലടക്കാൻ മടിയില്ലാത്ത സമൂഹമാണിവിടെയുള്ളത്. മനുഷ്യന്റെ മനസ്സോ അവസ്ഥയോ മനസ്സിലാക്കാതെയുള്ള പ്രവൃത്തികൾ അതനുഭവിക്കുന്നവനെ എത്ര മാത്രം വേദനിപ്പിക്കുമെന്ന് ഇവരൊന്നും തിരിച്ചറിയുന്നില്ല. അത്തരമൊരവസ്ഥയിലേയ്ക്കാണ് ക്യാമറ തുറന്നുവെച്ചത്.
അജയനായി ടൊവിനോയെ കണ്ടെത്തിയതിനു പിന്നിൽ
കഥ രൂപപ്പെട്ടതു മുതൽ അജയനായി കണ്ടത് ടൊവിനോയെ തന്നെയാണ്. അദ്ദേഹത്തിന്റെ ശരീര ഭാഷ, ചലനം, സംസാരം എല്ലാം അജയനോട് സാദൃശ്യമുള്ളതാണ്. പാവത്താനാണെന്ന് തോന്നുമെങ്കിലും അയാളുടെ ഉള്ളിലും പ്രതികരണ ശേഷിയുള്ള ഒരു മനുഷ്യനുണ്ട്. അത്തരത്തിലുള്ള ഡ്യുവൽ പെഴ്‌സണാലിറ്റിയാണ് അജയനുള്ളത്. അത് കൃത്യമായി അവതരിപ്പിക്കാൻ ടൊവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ ഏതു നിലയിലേയ്ക്ക് ഉയരാനും ടൊവിനോയ്ക്ക് കഴിയും. അഭിനയിക്കുമ്പോൾ തന്നെ കഥാപാത്രത്തെ മനസ്സിലേയ്ക്ക് ആവാഹിക്കാനും അത് പ്രകടിപ്പിക്കാനുള്ള ടൊവിനോയുടെ കഴിവ് പറയാതിരിക്കാനാവില്ല.
രണ്ടു നായികമാർ?
ജീവിതത്തിലെ രണ്ടു ഘട്ടങ്ങളിലാണ് അജയന് ഇരുവരുമായും അടുപ്പമുണ്ടാകുന്നത്. നിമിഷ സജയൻ അഡ്വക്കറ്റ് ഹെന്ന എലിസബത്താണ്. അജയനെ കുറ്റക്കാരനല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കിണഞ്ഞുശ്രമിക്കുന്ന ഒരു വക്കീൽ. അനു സിത്താര അവതരിപ്പിക്കുന്ന ജലജയാകട്ടെ അജയന്റെ കളിക്കൂട്ടുകാരിയാണ്. അന്യനാട്ടുകാരിയാണെങ്കിലും കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുത്താൽ മനസ്സിലാക്കി അതിനനുസരിച്ച് മെച്ചപ്പെട്ട അഭിനയം കാഴ്ചവെയ്ക്കാൻ നിമിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അനു സിത്താരയാകട്ടെ കഥാപാത്രമായി മാറുമ്പോൾ അടിമുടി മാറുന്ന കാഴ്ചയാണ് കണ്ടത്. രണ്ടുപേരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ?
തമ്പി സാറുമായുള്ള അടുപ്പം കൊണ്ടാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കാൻ അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹത്തെക്കൊണ്ട് പാട്ടെഴുതിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. തമ്പി സാറിന്റെ വരികൾക്ക് ഈണമൊരുക്കിയത് ഔസേപ്പച്ചനാണ്.
വൈക്കത്തിന്റെ മനോഹാരിത ചിത്രത്തിൽ തെളിഞ്ഞുകാണുന്നുണ്ട്
ചിത്രത്തിന്റെ നിർമ്മാതാക്കളായ ഉദയനും മനോജും വൈക്കത്തുകാരാണ്. ഗ്രാമവും നഗരവുമല്ലാത്ത ഒരിടമായിരുന്നു ചിത്രത്തിനു വേണ്ടിയിരുന്നത്. വൈക്കത്ത് ചിത്രീകരിച്ചുകൂടേ എന്ന നിർമ്മാതാവിന്റെ ചോദ്യത്തിൽനിന്നാണ് അത്തരമൊരു ആശയം ഉടലെടുത്തത്. ചിത്രത്തിനു വേണ്ട ഒരുപാട് കാര്യങ്ങൾ വൈക്കത്തുണ്ടായിരുന്നു. അത് കൃത്യമായി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായ നൗഷാദിന് കഴിഞ്ഞിട്ടുണ്ട്.
സ്വപ്‌ന പദ്ധതി?
ഓരോ സിനിമയും ആദ്യ സിനിമയെന്ന പോലെയാണ് സമീപിക്കുന്നത്. മനസ്സിലുള്ള ആശയങ്ങൾ കൃത്യമായി പ്രേക്ഷകരിലെത്തിക്കുക എന്നതാണ് ഒരു സംവിധായകന്റെ കർത്തവ്യം.
അഭിനയമാണോ സംവിധാനമാണോ സംതൃപ്തി?
ഒരു സംവിധായകനായി അറിയപ്പെടാനാണ് ആഗ്രഹം. എന്നുവെച്ച് ഒരിക്കലും അഭിനയിക്കില്ല എന്നു പറയാനാകില്ല. മനസ്സിനിണങ്ങിയ കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിച്ചുകൂടെന്നില്ല.