ലണ്ടന്‍- എട്ടു മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ മക്കളുടെ മുന്നിലിട്ട് മുന്‍ ഭാര്‍ത്താവ് അമ്പെയ്ത് കൊന്നു. കിഴക്കന്‍ ലണ്ടന്‍ നഗരമായ ഇല്‍ഫോര്‍ഡില്‍ ന്യൂബറി പാര്‍ക്കിലെ വീട്ടില്‍ വച്ചാണ് 35-കാരിയായ സന മുഹമ്മദ് എന്ന ദേവി ഉന്മതല്ലെഗാഡൂ ദാരുണമായി കൊല്ലപ്പെട്ടത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് അടിയന്തിര സിസേറിയനിലൂടെ ഗര്‍ഭസ്ഥ ശിശുവിനെ സുരക്ഷിതമായി പുറത്തെടുത്തു. തിങ്കളാഴ്ച രാവിലെ പ്രാതല്‍ സമയത്താണ് ആക്രമണമുണ്ടായതെന്ന് ദി ടെലിഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു. സനയും ഭര്‍ത്താവ് ഇംതിയാസ് മുഹമ്മദും അഞ്ചു മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്തെ ഷെഡിനു മറിവില്‍ ഒളിച്ചിരുന്നാണ് സനയുടെ മുന്‍ ഭര്‍ത്താവ് രാമനോഡ്‌ഗെ ഉന്മതല്ലെഗാഡൂ (50) അ്‌മ്പെയ്ത്ത് ആക്രമണം നടത്തിയത്. ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി ഈ ഷെഡില്‍ വയ്ക്കാനായി പുറത്തിറങ്ങിയ ഭര്‍ത്താവ് ഇംതിയാസാണ് ആക്രമിയെ കണ്ടത്. കയ്യില്‍ അമ്പും വില്ലും കണ്ട ഇംതിയാസ് ഓടി വീട്ടിനകത്തേക്ക് കയറിയെങ്കിലും ബഹളം കേട്ടെത്തിയ സനയുടെ അടിവയറ്റില്‍ ഒന്നിലേറെ തവണ അമ്പേല്‍ക്കുകയായിരുന്നു. കുഞ്ഞിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നും ആശുപത്രിയിലാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇബ്രാഹിം എന്നാണ് കുഞ്ഞിന് ബന്ധുക്കള്‍ പേരിട്ടത്.
രാമനോഡ്‌ഗെ ഉന്മതല്ലെഗാഡൂവുമായുള്ള വിവാഹ ബന്ധം സന പിരിഞ്ഞത് ആറു വര്‍ഷം മുമ്പാണ്. ഈ ബന്ധത്തില്‍ 18ഉം 14ഉം 12ഉം വയസ്സുള്ള മൂന്ന് മക്കളുണ്ട്. ഇതിനു പിന്നാലെ ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുകയും ഇംതിയാസ് മുഹമ്മദിനെ വിവഹം കഴിക്കുകുകയും ചെയ്തു. രണ്ടാം വിവാഹത്തില്‍ സനയ്ക്ക് രണ്ടു മക്കളുണ്ട്. അഞ്ചു മക്കളും സനയ്ക്കും ഇംതിയാസിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ആക്രമണ സമയത്തും മക്കള്‍ വീട്ടിലുണ്ടായിരുന്നു.