ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി, സിരിസേനക്ക് തിരിച്ചടി

കൊളംബോ- ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെക്കാനും കോടതി ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങളിലെ ഒടുവിലെ സംഭവവികാസത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. കഴിഞ്ഞ മാസം 26ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ പ്രസിഡന്റ് പുറത്താക്കിയത് മുതല്‍ പ്രതിസന്ധിയിലാണ് ശ്രീലങ്കന്‍ രാഷ്ട്രീയം.
രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗവും സുപ്രീം കോടതിയില്‍ ഹരജിയുമായി എത്തി. സ്ഥാനം നഷ്ടമായ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി, മുഖ്യ പ്രതിപക്ഷമായ തമിഴ് നാഷണല്‍ അലയന്‍സ്, പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഉള്‍പ്പെടെ രാജ്യത്തെ പത്ത് കക്ഷികളാണ് സുപ്രീം കോടതിയിലെത്തിയത്.
പ്രസിഡന്റിന്റെ നടപടി നിയമ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായ രത്‌നജീവന്‍ ഹൂലെയും സമാനമായ ആവശ്യം ഉന്നയിച്ച് ശ്രീലങ്കന്‍ സുപ്രീം കോടതിയിലെത്തി.
കഴിഞ്ഞ മാസം 26ന് റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയ സിരിസേന പ്രതിപക്ഷ നേതാവായ മഹീന്ദ രജപക്‌സെയെയാണു പകരം നിയമിച്ചത്. രജപക്‌സെക്കു ഭൂരിപക്ഷം ലഭിക്കില്ലെന്നു വ്യക്തമായതോടെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിന് ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. 2020 ഓഗസ്റ്റ് വരെയായിരുന്നു നിലവിലുള്ള പാര്‍ലമെന്റിന്റെ കാലാവധി.
ചീഫ് ജസ്റ്റിസ് നളിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പ്രസിഡന്റിന്റെ നീക്കത്തിന് തിരിച്ചടി നല്‍കിയത്. നിര്‍ണായക വിധിന്യായം കേള്‍ക്കാന്‍ നൂറുകണക്കിനാളുകള്‍ സുപ്രീം കോടതിക്ക് മുന്നിലെത്തി. കനത്ത സുരക്ഷയിലായിരുന്നു കോടതി. പോലീസ്, സൈനിക വാഹനങ്ങള്‍ വലയം സൃഷ്ടിച്ചാണ് കോടതിക്ക് സുരക്ഷയൊരുക്കിയത്.

 

Latest News