Sorry, you need to enable JavaScript to visit this website.

ശബരിമല: റിട്ട് ഹര്‍ജികള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കു ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി; അറിയേണ്ടതെല്ലാം

ന്യൂദല്‍ഹി- ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പി റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. പുന:പരിശോധനാ (റിവ്യൂ) ഹര്‍ജികള്‍ പരിഗണിച്ച ശേഷം മാത്രമെ റിച്ച് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. റിവ്യൂ ഹര്‍ജികള്‍ ഇന്ന് മൂന്ന് മണിക്കാണ് കോടതി പരിഗണനയ്‌ക്കെടുക്കുന്നത്. ആകെ 49 ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്. മൂന്നെണ്ണം റിട്ട് ഹര്‍ജികളാണ്. റിവ്യൂ ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍  കോടതി തീരുമാനിച്ചാല്‍ റിട്ട് ഹര്‍ജികള്‍ കൂടി ഇതോടൊപ്പം പരിഗണിക്കും. റിവ്യൂ ഹര്‍ജികള്‍ തള്ളുകയാണെങ്കില്‍ റിട്ട് ഹര്‍ജികള്‍ വേറിട്ട് തന്നെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണമെന്ന ശബരിമല സംരക്ഷണ ഫോറത്തിന്റെ ആവശ്യം കോടതി തള്ളി. ഫോറത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ ബിജുവിന് കോടതിയുടെ വിമര്‍ശനം നേരിടേണ്ടിയും വന്നു. വൈകീട്ട് ചേംബറില്‍ പരിഗണിക്കാനിരിക്കുന്ന വിഷയത്തില്‍ ഇങ്ങനെ ആവശ്യം ഉന്നയിക്കരുതെന്ന് ചീഫ് ജസ്റ്റ്‌സ് വ്യക്തമാക്കി.

പുനപ്പരിശോധനാ ഹര്‍ജികളിലെ വിധിയെ ആശ്രയിച്ചിരിക്കും റിട്ട് ഹര്‍ജികളുടെ ഫലം. സെപ്തംബര്‍ 28-ന് അഞ്ചം ഭരണഘടനാ ബെഞ്ച് പറഞ്ഞ വിധി പുനപ്പരിശോധിക്കാന്‍ തീരുമാനമായാല്‍ റിട്ട് ഹര്‍ജികളുടെ പ്രസക്തമല്ലാതാകും.

റിട്ട് ഹര്‍ജി എന്താണ്? 
ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനങ്ങള്‍ കോടതിയുടെ ശ്രദ്ധയിലെത്തിക്കുന്ന ഹര്‍ജിയാണ് റിട്ട് ഹര്‍ജി. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ റിട്ട് ഹര്‍ജി നല്‍കാനാവില്ല. വിധിയെ ചോദ്യം ചെയ്യാതെ അതിന്റെ പ്രത്യാഘാതങ്ങള്‍ റിട്ട് ഹര്‍ജിയിലൂടെ ഉന്നയിക്കാം. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണം എന്നീ ആവശ്യങ്ങളാണ് ശബരിമല വിഷയത്തില്‍ കോടതിയിലെത്തിയ റിട്ട് ഹര്‍ജികളിലെ പ്രധാന ആവശ്യം. 

റിവ്യൂ (പുനഃപരിശോധനാ) ഹര്‍ജി എന്താണ്?
കോടതി വിധികളില്‍ തിരുത്ത് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണിത്. ശബരിമല വിഷയത്തില്‍ ഭരണഘടനാ ബെ്ഞ്ചിന്റെ വിധി പുനപ്പരിശോധിക്കണെന്ന ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. വിധിയില്‍ വ്യക്തമായ പിഴവ് ഉണ്ടെന്നു വ്യക്തമാകുമ്പോഴും പുതിയ തെളിവുകള്‍ ലഭിക്കുമ്പോഴുമാണ് റിവ്യു ഹര്‍ജികള്‍ നല്‍കുക. എന്നാല്‍ ഭരണഘടനാ ബെ്ഞ്ചിന്റെ വിധി റിവ്യൂ ഹര്‍ജി പരിഗണിച്ചു തിരുത്താന്‍ കോടതി തയാറാകുമോ എന്ന് എന്ന സംശയം നിയമ വിദഗ്ധര്‍ ഉന്നയിച്ചിരുന്നു. 


 

Latest News