പൂനെ- അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതിയ യുക്തിവാദി ഡോ. നരേന്ദ്ര ദഭോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ സി.ബി.ഐ യു.എ.പി.എ നിയമത്തിലെ ഭീകരതയുമായി ബന്ധപ്പെട്ട കര്‍ശന വകുപ്പുകള്‍ ചുമത്തി. കഴിഞ്ഞ ദിവസം പൂനെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവന്ന വകുപ്പുകള്‍ ചുമത്തിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.എം.എ സയ്യിദ് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.എസ്.പി എസ്.ആര്‍ സിംഗാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
യു.എ.പി.എ കേസുകളില്‍ അറസ്റ്റ് ചെയ്ത ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഇതിനുശേഷം വേണ്ടി വരികയാണെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് 90 ദിവസം കൂടി ആവശ്യപ്പെടാം.
ഈ മാസം 18ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്ന സി.ബി.ഐ സമയം നിട്ടീനല്‍കാനുള്ള അപേക്ഷ സമര്‍പ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കേസില്‍ ഈവര്‍ഷം ഇതുവരെ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ ഓഗസ്റ്റിലും ഒരാളെ സെപ്റ്റംബറിലും. ദഭോല്‍കറെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സനാതന സന്‍സ്ത അംഗവും ഇ.എന്‍.ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്‌ഡേയെ 2016 ജൂണില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.