ന്യൂദല്‍ഹി- ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ച വിധി സംബന്ധിച്ച് കോടതിയലക്ഷ്യ ഹരജികള്‍ക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമാണെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യ ഹരജികള്‍ അനുവദിക്കാനാവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ക്കെതിരെയാണ് ഹരജികള്‍ നല്‍കിയിരുന്നത്.
സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യഹരജി സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി വേണമെന്നാണു വ്യവസ്ഥ. അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഹരജിക്കാര്‍ക്ക് സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാം.
ശബരിമലയില്‍ യുവതീപ്രവേശ വിധി നടപ്പാക്കുന്നതു തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു ഹരജി നല്‍കാന്‍ ഡോ.ടി.ഗീനാ കുമാരി, എ.വി.വര്‍ഷ എന്നിവരാണ് അറ്റോര്‍ണി ജനറലിനോട് അനുമതി തേടിയത്.
എന്നാല്‍ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ ഭൂരിപക്ഷ വിധിയെ എതിര്‍ക്കുകയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്ന അറ്റോര്‍ണി ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെടുകയായിരുന്നു.
സുപ്രീം കോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പി.എസ്. ശ്രീധരന്‍ പിള്ളക്കും തന്ത്രിക്കും പുറമെ, പി.രാമവര്‍മ രാജ, കൊല്ലം തുളസി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയും കോടതിയലക്ഷ്യത്തിന് അനുമതി തേടിയിരുന്നു.