നര്‍മദ- ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സ്ഥാപിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാ പ്രതിമ ( സ്റ്റാച്യു ഓഫ് യൂണിറ്റി ) കാണാന്‍ വന്‍ ജനപ്രവാഹം. ശനിയാഴ്ച മാത്രം പ്രതിമ കാണാന്‍ 27, 000 പേരാണ് എത്തിയത്. പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് ശനിയാഴ്ചയായിരുന്നു. സന്ദര്‍ശക പ്രവാഹം അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിലും കാര്യമായ വരുമാനമാണ് ലഭിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 350 രൂപയും മൂന്ന് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ടിക്കറ്റ്. മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒരു ദിവസം മാത്രം 27,000 പേരെത്തിയ സാഹചര്യത്തില്‍ സന്ദര്‍ശകരുടെ എണ്ണവും വരുമാനവും ഇനിയും കൂടുമെന്നാണ് കണക്കുക്കൂട്ടല്‍. ഇതുവരെ 2.10കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.
എന്നാല്‍ ജനത്തിരക്ക് ഗുജറാത്ത് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിമക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈ സ്പീഡ് ലിഫ്റ്റിന് ഒരു ദിവസം 5000 പേരെ മാത്രമേ പ്രതിമയുടെ മുകളിലെ വ്യൂവേര്‍സ് ഗാലറിയിലേക്ക് കൊണ്ടുപോകാന്‍ പറ്റൂ. ശനിയാഴ്ചയെത്തിയ 22,000 പേരും വ്യൂവേഴ്‌സ് ഗാലറിയില്‍ കയറാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങി. ഇതു കണക്കിലെടുത്ത് പ്രതിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
3000 കോടിയോളം രൂപ ചെലവിലാണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം 182 മീറ്റര്‍ ഉയരമുളള പ്രതിമ സ്ഥാപിച്ചത്.