തനിക്ക് സമൂഹമാധ്യങ്ങളില്‍ നേരിടേണ്ടി വന്ന സംഭവങ്ങള്‍ വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. അഭിമുഖത്തിലാണ് താരം തന്റെ മുറിവേറ്റ അനുഭവങ്ങള്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി പറയുന്നു. 'നിങ്ങള്‍ ഒരു സിനിമാതാരമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്. മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് അഭിപ്രായമുണ്ടാകാന്‍ പാടില്ല', ഐശ്വര്യ തുടര്‍ന്നു: 'ഓണ്‍ലൈനില്‍ എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ചിത്രങ്ങള്‍ക്കു താഴെയും യൂ ട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കു താഴെയും ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ എന്താണ് കാരണമെന്ന് എനിക്ക് അറിയണമായിരുന്നു. ആ കമന്റുകള്‍ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. ആ കമന്റുകള്‍ക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാള്‍ എന്നോട് സംസാരിച്ചു. മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളുടെ പേരില്‍ എന്നോട് വെറുപ്പാണെന്നാണ് അയാള്‍ നല്‍കിയ വിശദീകരണം. ഇത് എന്റെ ജോലി മാത്രമാണെന്ന് ഞാനയാളോട് പറഞ്ഞു. അവിടെ വെച്ച് അയാളുമായുള്ള സംഭാഷണം നിര്‍ത്തി. പക്ഷേ ഞാന്‍ അമ്പരന്നു, ഇതെന്റെ ജീവിതമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതും വിമര്‍ശിക്കുന്നതുമൊക്കെ ഒരാളുടെ അവകാശമാണ്. പക്ഷേ, ഞാന്‍ ചെയ്ത ഒരു സീനിന്റെ പേരില്‍ അത്രത്തോളം എത്തുന്നതായിരുന്നു വ്യക്തിഹത്യ.' സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിന് സ്ത്രീകള്‍ക്ക് ചിലര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചിലര്‍ക്ക് ഇഷ്ടമില്ലാത്തതു പറഞ്ഞാല്‍ വ്യക്തിഹത്യ ആരംഭിക്കുമെന്നും ഐശ്വര്യ പറഞ്ഞു.