ഇതുവരെ ഒരു ദേശീയ പുരസ്‌ക്കാരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്ന് ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്. എഴുപതോളം ചിത്രങ്ങള്‍ ചെയ്തിട്ടും തന്റെ ഒരു സിനിമ പോലും ചലച്ചിത്രമേളകളില്‍ ആദരിക്കപ്പെട്ടിട്ടില്ല. താന്‍ ചലച്ചിത്രമേളകളില്‍ വരുന്നത് നൃത്തം ചെയ്യാനോ ഉദ്ഘാടന സമാപന ചടങ്ങുകളില്‍ അതിഥിയായോ ആണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
ബുദ്ധിജീവി അല്ലാത്തതുകൊണ്ടാകാം തന്റെ സിനിമകള്‍ ദേശീയ പുരസ്‌ക്കാരത്തിനോ ചലച്ചിത്രമേളയ്‌ക്കോ പരിഗണിക്കപ്പെടാതിരിക്കുന്നതെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി തനിക്ക് കൊല്‍ക്കത്തയുമായി വലിയ അടുപ്പമാണുള്ളത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് കൂടുതല്‍ ദിവസങ്ങള്‍ ഇവിടെ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇത് തന്റെ കാഴ്ചപ്പാടുകളയാകെ മാറ്റിയിട്ടുണ്ട്. കൂടുതല്‍ ചിന്തിക്കുന്നവരാണ് ഇവിടെയുള്ളത്. സിനിമയെക്കുറിച്ചും കളിയെക്കുറിച്ചുമൊക്കെ ആഴത്തില്‍ സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന മനുഷ്യരാണ് ഇവിടെയുള്ളവര്‍. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തന്റെ ഒരു സിനിമയെങ്കിലും ദേശീയ പുരസ്‌ക്കാരത്തിനോ, ചലച്ചിത്രമേളയ്‌ക്കോ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയും ഷാരൂഖ് ഖാന്‍ പങ്കുവെച്ചു.
കൊല്‍ക്കത്ത ചലച്ചിത്രമേളയില്‍ സംഘാടകര്‍ ഷാരൂഖിന് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഷാരൂഖിന് പുരസ്‌ക്കാരം നല്‍കിയത്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഷാരൂഖിന്റെ പുതിയ ചിത്രമായ സീറോയുടെ ടീസര്‍ പ്രദര്‍ശിപ്പിച്ചു.