ചെന്നൈ- പ്രശസ്ത നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 90 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
നിരവധി മലയാള സിനിമകളില്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സര്‍ കം ആര്‍ട്ടിസ്റ്റായിരുന്ന അവര്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ആകാശവാണിയിലെ പ്രഥമ മലയാളം ന്യൂസ് റീഡറായിരുന്നു.
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്‌നിയാണ് ആദ്യ സിനിമ. ഷാജി എന്‍. കരുണിന്റെ പിറവി(1988), ജി. അരവിന്ദന്റെ വാസ്തുഹാര(1991), കമലിന്റെ ഈ പുഴയും കടന്ന്(1996), സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ കൊട്ടാരം(1996) എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. സീരിയലുകളിലും അഭിനനയിച്ചു.
കോഴിക്കോട് ചാലപ്പുറത്ത് ചെങ്ങളത്ത് ദേവകി അമ്മയുടെയും മുല്ലശ്ശേരി ഗോവിന്ദ മേനോന്റേയും മകളായി 1928 ലായിരുന്നു ജനനം. മൈസൂര്‍ സ്വദേശി കൃഷ്ണ മൂര്‍ത്തിയാണ് ഭര്‍ത്താവ്.