ന്യുദല്‍ഹി- ദല്‍ഹിയില്‍ നിന്നും അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കുളള അരിയാന അഫ്ഗാന് എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് ബട്ടണ്‍ അമര്‍ത്തിയതിനെ തുടര്‍ന്ന് ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ നാടകീയ രംഗങ്ങള്‍ വിമാന റാഞ്ചല്‍ ആശങ്ക പടര്‍ത്തി. ടേക്ക് ഓഫിനായി റണ്‍വേയിലേക്കു നീങ്ങുന്നതിനിടെയാണ് പൈലറ്റ് റാഞ്ചല്‍ അറിയിപ്പു ബട്ടണ്‍ അമര്‍ത്തിയത്. ഇതോടെ ബന്ധപ്പെട്ട എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും സംവിധാനങ്ങള്‍ക്കും സന്ദേശം ലഭിക്കുകയും ഉടനടി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തു. ഏറ്റവും കരുത്തരായ ഭീകര വിരുദ്ധ സേനയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) അടക്കം വിവിധ സേനകള്‍ റണ്‍വേയില്‍ എത്തി വിമാനത്തെ ഐസോലേഷന് ഏരിയയിലേക്കു മാറ്റുകയും വളയുകയും ചെയ്തു.
തുടര്‍ന്ന് നടപടിക്രമം അനുസരിച്ചുള്ള എല്ലാ സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തെ പറന്നുയരാന്‍ അനുവദിച്ചത്. അനുമതി നല്‍കുന്നതിന് മുമ്പായി രണ്ടാമതും സുരക്ഷാ പരിശോധനയും എല്ലാ യാത്രക്കാരുടേയും കസ്റ്റംസ് പരിശോധനയും നടത്തി. രണ്ടു മണിക്കൂര്‍ നീണ്ട അതീവ സുരക്ഷാ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ക്യാപ്റ്റന്‍ അബദ്ധം പിണഞ്ഞതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് വിമാനത്തിന് യാത്ര തുടരാനുള്ള അനുമതി നല്‍കിയത്. വിമാനത്തിലെ യാത്രക്കാരിലും ഇതു ഭീതി പടര്‍ത്തി. ശനിയാഴ്ച വൈകുന്നേരം 3.30ന് പറന്നുയരേണ്ടിയിരുന്ന വിമാനം രണ്ടു മണിക്കൂറിനു ശേഷമാണ് തിരിച്ചു പോയത്.