Sorry, you need to enable JavaScript to visit this website.

മരുമകൾ ബന്ദിയാക്കിയ 95കാരിയെ മോചിപ്പിച്ചു

ന്യൂദൽഹി-മരുമകൾ തടവിലാക്കിയ 95 വയസുകാരിയെ ദൽഹി വനിതാകമ്മീഷൻ മോചിപ്പിച്ചു. കമ്മിഷന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് ഇവരെ മോചിപ്പിച്ചത്. തന്റെ ഭാര്യയും ബന്ധുക്കളും ചേർന്ന് അമ്മയെ തടഞ്ഞുവെച്ച് പീഡിപ്പിക്കുകയാണെന്ന പരാതിയുമായാണ് കമ്മീഷന് ഫോൺ സന്ദേശമെത്തിയത്. അമ്മ പൂർണമായും ശയ്യാവലംബിയാണെന്നും ഫോൺ സന്ദേശത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുമാസമായി ഭാര്യയുമായി അകന്നുകഴിയുകയാണെന്നും  വിവാഹമോചന കേസ് നടക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. അമ്മയെ കാണാൻ ശ്രമിച്ചപ്പോഴെല്ലാം ഭാര്യ തടഞ്ഞു. പോലിസിന്റെ സഹായം സ്വീകരിച്ചെങ്കിലും രക്ഷയുണ്ടായില്ല. രണ്ടുവർഷം മുമ്പ് സമാനമായ കേസിൽ അൻപതുകാരിയെ വനിതാകമ്മിഷൻ മോചിപ്പിച്ച വാർത്ത വായിച്ചതിന്റെ ഓർമയിലാണ് വനിതാ കമ്മീഷനെ ബന്ധപ്പെട്ടതെന്നും യുവാവ് വ്യക്തമാക്കി. തുടർന്ന് വനിതാ കമ്മിഷൻ പോലീസിന്റെ സഹായത്തോടെ വീട്ടിലെത്തിയ വൃദ്ധയെ രക്ഷിക്കുകയായിരുന്നു. തുടക്കത്തിൽ യുവതി പോലീസിനെ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ശക്തമായ നടപടി സ്വീകരിച്ചു. അതീവദയനീയ സ്ഥിതിയിലായിരുന്നു വൃദ്ധ ഉണ്ടായിരുന്നത്. തുടർന്ന് ഉടൻ ആംബുലൻസ് വിളിച്ചുവരുത്തുകയും ചികിത്സ ഏർപ്പെടുത്തുകയും ചെയ്തു. പ്രായമേറിയവരെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. വൃദ്ധ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Latest News