Sorry, you need to enable JavaScript to visit this website.

രാജാവിന്റെ കരങ്ങളാൽ ആദരിക്കപ്പെട്ട മശാഇൽ

  • കടലാസ് റോക്കറ്റിൽനിന്ന് റോക്കറ്റ് എൻജനീയറിംഗിലേക്ക് വളർന്ന സൗദി യുവതി

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അൽഖസീം സന്ദർശനത്തിനിടെ ആദരവ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ലോകപ്രശസ്തയായ റോക്കറ്റ് എൻജിനീയർ മശാഇൽ ബിൻത് നാസിർ അൽശുമൈമരി. മശാഇൽ അടക്കം അൽഖസീം പ്രവിശ്യയിലെ ആറു മികച്ച പ്രതിഭകളെയാണ് ചൊവ്വാഴ്ച രാത്രി അൽഖസീം നിവാസികൾ നൽകിയ ജനകീയ സ്വീകരണത്തിനിടെ രാജാവ് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചത്. ഗൾഫിലെ ആദ്യത്തെ വനിതാ റോക്കറ്റ് എൻജിനീയറായ മശാഇൽ അൽശുമൈമരി മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിന് ലക്ഷ്യമിട്ടുള്ള ആണവ റോക്കറ്റ് പദ്ധതിയെ കുറിച്ച് നാസയിൽ ഗവേഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1984 ൽ ജനിച്ച മശാഇൽ അൽശുമൈമരി ആണവ റോക്കറ്റ് രൂപകൽപന മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ സൗദി യുവതിയാണ്. നാസയിൽ ചേർന്ന് സ്‌പേസ് ഗവേഷണ മേഖലയിൽ പ്രവർത്തനം തുടങ്ങുമ്പോൾ മശാഇലിന് 22 വയസ്സ് മാത്രമാണ് പ്രായം. 2006 ലായിരുന്നു ഇത്. അൽഖസീം പ്രവിശ്യയിലെ ഉനൈസയിലാണ് മശാഇലിന്റെ ജനനം. പത്താം വയസ്സിൽ കുടുംബം അമേരിക്കയിലേക്ക് താമസം മാറി. സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മശാഇൽ പിന്നീട് സൗദിയിൽ തിരിച്ചെത്തി. 


കുട്ടിക്കാലത്തു തന്നെ സാങ്കേതിക വിദ്യകളിൽ മശാഇൽ അതീവ തൽപരയായിരുന്നു. വൈദ്യുതി കേബിളുകൾ കൂട്ടിയോജിപ്പിക്കുന്നതിലും പേപ്പറുകൾ ഉപയോഗിച്ച് റോക്കറ്റുകൾ നിർമിക്കുന്നതിലും രസം കണ്ടെത്തിയിരുന്ന മശാഇൽ സെക്കണ്ടറി തലത്തിൽ പഠിക്കുന്ന കാലത്ത് സഹപാഠികൾക്കൊപ്പം ചേർന്ന് റോബോട്ട് നിർമിച്ച് മികവ് തെളിയിച്ചിരുന്നു. മത്സരത്തിൽ പങ്കെടുത്ത എൺപതു സംഘങ്ങളുടെ കൂട്ടത്തിൽ റോക്കറ്റ് നിർമിച്ച് ഒന്നാം സ്ഥാനം ലഭിച്ചത് മശാഇൽ നേതൃത്വം നൽകിയ ഗ്രൂപ്പിനായിരുന്നു. മെൽബൺ ഫ്‌ളോറിഡ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് ഏവിയേഷൻ എൻജിനീയറിംഗിൽ ബാച്ചിലർ ബിരുദം നേടിയ മശാഇൽ ഇതേ സ്ഥാപനത്തിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്‌സിലും ബിരുദം നേടി. ഇതിനു ശേഷമാണ് ഏവിയേഷൻ എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദത്തിന് പഠിക്കുന്നതിന് നാസ മശാഇലിന് സ്‌കോളർഷിപ്പ് അനുവദിച്ചത്. പഠനം പൂർത്തിയാക്കിയ മശാഇൽ നാസയിൽ ജോലിയിൽ പ്രവേശിച്ചു. നാസയിൽ ജോലി ലഭിക്കുന്ന ആദ്യ സൗദി, ഗൾഫ് വനിതയെന്ന റെക്കോർഡ് മശാഇലിന് സ്വന്തമാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള റോക്കറ്റ് നിർമിക്കുന്ന സംഘത്തിന്റെ ഭാഗമായാണ് നാസയിൽ മശാഇൽ പ്രവർത്തിച്ചത്. ഈ സംഘത്തിന് നേതൃത്വം നൽകിയിരുന്നത് മശാഇൽ ആയിരുന്നു. ലോകത്ത് ഏറ്റവും സ്വാധീനമുള്ള പത്ത് അറബ് വനിതകളിൽ ഒരാളായി ബിസിനസ് ഡോട്ട്‌കോം മാസിക മശാഇലിനെ തെരഞ്ഞെടുത്തിരുന്നു. 


മാസ്റ്റർ ബിരുദവും നാസയിലെ ജോലിയും പൂർത്തിയാക്കിയ മശാഇൽ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കമ്പനികളിൽ ഒന്നിനു വേണ്ടി പ്രവർത്തിച്ചു. കമ്പനിക്കു വേണ്ടി 22 റോക്കറ്റുകൾ ഇവർ രൂപകൽപന ചെയ്തു. 2010 ൽ ഇരുപത്തിയാറാം വയസ്സിൽ ഇവർ സ്വന്തം പേരിൽ എയ്‌റോസ്‌പേസ് കമ്പനി സ്ഥാപിച്ചു. 2011 മുതൽ റോക്കറ്റുകൾ വികസിപ്പിച്ചു വരികയാണ്. ചെറിയ സാറ്റലൈറ്റുകൾ ഭൂമിക്കു ചുറ്റുമുള്ള താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് കഴിയുന്ന റോക്കറ്റുകൾ നിർമിക്കുകയാണ് സ്വന്തം കമ്പനിയിലൂടെ മശാഇൽ ലക്ഷ്യമിടുന്നത്. 

Latest News