അയാളെക്കുറിച്ച് മിണ്ടല്ലേ, ഉള്ള സന്തോഷം കൂടി ചോർന്നു പോവും. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടെത്തുന്ന അയാൾ വൃത്തികെട്ട രസം കൊല്ലിയാണ്. ഒരാളുടെ ആത്മഗതം അറിയാതെ ഉച്ചത്തിലായി. ഞാനാകെ സ്തംഭിച്ചു. എനിക്ക് നല്ല പരിചയമുള്ള മറ്റൊരു സുഹൃത്തിനെക്കുറിച്ചാണീ കേൾക്കുന്നത്. വളരെ മാന്യനും വിനയന്വിതനുമായി എനിക്ക് അനുഭവപ്പെട്ട ഒരു വ്യക്തി മറ്റൊരാളുടെ മനസ്സിൽ ഇത്രയേറെ നിന്ദ്യനും വെറുക്കപ്പെട്ടവനുമായ ഒരാളായി സ്ഥാനം പിടിച്ചത് ഏറെ അത്ഭുതപ്പെടുത്തി. ഒരു പക്ഷേ പറഞ്ഞയാളുടെ എന്തെങ്കിലും സ്വഭാവ ദോഷം കൊണ്ടാവുമോ അദ്ദേഹത്തെ അങ്ങനെ വിലയിരുത്തിയത്? ഒരു വേള ഞാൻ ആലോചിച്ചു. അതായിരിക്കില്ല. അയാൾ അങ്ങനെ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്ന ആളല്ലല്ലോ.
നിത്യേന നമ്മളുമായി ഒരുപാട് ആളുകൾ ഇടപഴകുന്നുണ്ട്. ഓരോരുത്തരുടെ മനസ്സിലും നമ്മെ കുറിച്ചുള്ള ചിത്രങ്ങൾ പല വിധമായിരിക്കും. അവരോരുത്തരുടെയും മനസ്സിൽ നമ്മെ കുറിച്ച് അവർ രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പ്രിന്റൗട്ട് കിട്ടാനുള്ള വല്ല സാങ്കേതിക വിദ്യയും കണ്ടുപിടിച്ചാൽ നല്ല രസമുണ്ടാവും. അല്ലേ?
ഏതാനും വർഷങ്ങൾക്കു മുമ്പ് എന്റെ യൂനിവേഴ്‌സിറ്റിയിലുള്ള ജോർദാനിയായ ഒരു സഹപ്രവർത്തകൻ എന്തോ വായിച്ച് നിർത്താതെ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ കാര്യം തിരക്കി. ഭർത്താവിൽനിന്നും വിവാഹ മോചനം തേടി കോടതിയെ സമീപിച്ച യുവതി കേസിൽ വിജയിച്ചതിന്റെ വാർത്തയായിരുന്നു അയാൾ വായിച്ചുകൊണ്ടിരുന്നത്. കേസിനിടയാക്കിയ സംഭവം അതീവ വിചിത്രവും രസകരവുമാണ്. ഒരു ദിവസം വീട് വിട്ടിറങ്ങിയ ഭർത്താവിനെ കുറച്ചു നേരം കഴിഞ്ഞ് ഭാര്യ ഫോൺ ചെയ്യുന്നു. അപ്പോൾ തൊട്ടടുത്ത മുറിയിൽനിന്നും ഒരു പട്ടി കുരയ്ക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. ഫോണുമായി ഭാര്യ ആ മുറിയിലേക്ക് ചെന്നുനോക്കിയപ്പോൾ ഭർത്താവ് മറന്നു വെച്ച ഫോണിൽ നിന്നുള്ള റിംഗ് ടോണാണതെന്നു അവൾക്കു മനസ്സിലായി. കൗതുകത്തോടെ അവൾ ആ ഫോൺ കൈയിലെടുത്തു അതിൽ തെളിയുന്ന പേരും നമ്പറും വായിച്ചു നോക്കി. പട്ടിയുടെ കുര റിംഗ് ടോണാക്കി തന്റെ നമ്പറിനോടൊപ്പം ഗ്വാണ്ടനാമോ എന്ന പേരാണ് ഭർത്താവ് ഫോണിൽ സേവ് ചെയ്തതെന്ന് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഇത്ര നിന്ദ്യവും പരിഹാസ്യവുമായ രീതിയിൽ തന്നെ ഫോണിൽ രേഖപ്പെടുത്തിയ ഒരാളുടെ ഇണയായി ജീവിതം തുടരാൻ താൽപര്യമില്ലെന്ന തീരുമാനവുമായി ആ യുവതി കോടതിയെ സമീപിക്കുകയായിരുന്നുവത്രേ. കോടതി വിധിയിൽ ആരാണ് കൂടുതൽ സന്തോഷിച്ചിട്ടുണ്ടാവുകയെന്നതാർക്കറിയാം?
നമ്മുടെയൊക്കെ പേര് വിവരങ്ങൾ പലരുടെയും ഫോണിലും മനസ്സിലും ഏതൊക്കെ രീതിയിൽ ഏതൊക്കെ ചിത്രവും ശബ്ദവും ചേർത്തായിരിക്കും രേഖപ്പെട്ടു കിടക്കുന്നുണ്ടാവുക? സ്വദേശികളും വിദേശികളുമായ പലരുടെയും പേര് ഓർത്തുവെക്കാൻ പല രസകരങ്ങളായ അപരനാമങ്ങളും ഫോണിൽ രേഖപ്പെടുത്തിവെക്കുന്ന ചിലരെ ഓർത്തു പോയി. അവരിൽ ചിലർക്ക് പിണഞ്ഞ അമളികളും ഓർമ വന്നു. നേരത്തെ നമ്പർ വാങ്ങിച്ചത് ഓർമയില്ലാതെ ചിലപ്പോൾ മറ്റേയാൾക്ക് നമ്പർ പറഞ്ഞു കൊടുത്ത് തൊട്ടടുത്തു നിന്ന് ഇങ്ങോട്ട് മിസ് കാൾ ചെയ്യിക്കുമ്പോൾ, അല്ലെങ്കിൽ ചില ക്ലിപ്പുകളും ഫോട്ടോകളും തൊട്ടടുത്തിരിക്കുന്ന ആളുടെ വാട്‌സാപ്പിലേക്ക് അയക്കേണ്ടി വരുമ്പോഴൊക്കെ അബദ്ധവശാൽ ചിലരുടെ അപരനാമങ്ങൾ അവർ കണ്ടെത്തിയതിനെ തുടർന്നുണ്ടായ പുകിലുകൾ അവർ പങ്കുവെച്ചതെല്ലാം ഓർമയിലെത്തി.
എന്നാൽ നോക്കൂ. ചില മുഖങ്ങൾ ഓർമയിലെത്തുമ്പോൾ തന്നെ നമുക്ക് പുത്തനുണർവ് കൈവരും. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം ഉത്സാഹവും ആനന്ദവും നമ്മിൽ ഉണരും. നമ്മുടെ മാതാപിതാക്കൾ ഗുരുനാഥർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, യാത്രക്കിടയിൽ കണ്ടുമുട്ടിയവർ ഒക്കെയാവും അവരിൽ അധികവും. വായന ഇത്തിരി നേരം നിർത്തി ഒന്നോർത്തു നോക്കൂ. ഏതൊക്കെ മുഖങ്ങളാണ് അത്തരത്തിൽ പെട്ടെന്ന് മനസ്സിൽ തെളിയുന്നത്? ആ മുഖങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഇനി, നിങ്ങളുമായി നിരന്തരം ഇടപഴകുന്ന ഒരാളാണിത് വായിക്കുന്നതെന്നു കരുതുക. ഇത് പോലെ അവർ വായന നിർത്തി സന്തോഷവും ആവേശവും പകരുന്നവരെ ഓർത്തു നോക്കിയാൽ തെളിയുന്ന മുഖങ്ങളുടെ കൂട്ടത്തിൽ നിങ്ങളുടെ മുഖം ഉൾപ്പെടുമോ? വെറുതെ ഒന്നാലോചിച്ചു നോക്കൂ.
നമ്മെ നാം കാണുന്ന ഒരു കാഴ്ചയുണ്ട്. നമ്മെ മറ്റുള്ളവർ കാണുന്ന ഒരു കാഴ്ചയുമുണ്ട്. മുമ്പ് സൂചിപ്പിക്കപ്പെട്ടത് പോലെ പല കാരണങ്ങളാൽ വിവിധ ചിത്രശബ്ദവികാര വിന്യാസങ്ങളിലായിരിക്കും ഓരോരുത്തരും നമ്മെ അവരുടെ മനോമുകുരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക. നമ്മെ കുറിച്ചുള്ള മതിപ്പ് നമ്മളിലും മറ്റുള്ളവരിലും രൂപപ്പെടുത്തുന്നതിൽ ഈ രണ്ടു തരം കാഴ്ചകൾക്കുമുള്ള പങ്ക് വളരെ വലുതാണ്. നാം ആകർഷണീയമായ വ്യക്തിത്വമുള്ളവരാണോ അല്ലയോ എന്നറിയാൻ നമുക്ക് നമ്മെ കുറിച്ചുള്ള ബോധവും നമ്മോടുള്ള പെരുമാറ്റത്തിൽ മറ്റുള്ളവർ കൈക്കൊള്ളുന്ന ശൈലിയും അവർ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന പ്രതികരണവും ഇടയ്ക്കിടെ പരിശോധിച്ചാൽ മതിയാവും.
നമ്മുടെ പുഞ്ചിരി, വിനിമയ ശൈലി, പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും നാം പുലർത്തുന്ന മനോഭാവം, ക്ഷമാശീലം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ നാം അപ്പോൾ കൂടുതൽ ജാഗ്രത പുലർത്തും. വ്യക്തികളെ നമ്മുടെ മിത്രങ്ങളാക്കി നിലനിർത്തിക്കൊണ്ടുള്ള പ്രശ്‌ന പരിഹാരം അപ്പോൾ സാധ്യമാവും. വ്യക്തികളെ നമ്മുടെ ശത്രുക്കളാക്കിക്കൊണ്ടുള്ള പ്രശ്‌ന പരിഹാര ശൈലിക്ക് മാറ്റം വരുമെന്നർത്ഥം.
ഇണയുടെയും മക്കളുടെയും കൂടെയിരുന്ന് അവർ കാണുന്ന നമ്മെ കുറിച്ച് ഇടയ്‌ക്കൊക്കെ ചോദിക്കുകയും നാം കാണുന്ന അവരെ കുറിച്ചു അവരോട് പറയുകയും പങ്കുവെക്കുകയും ചെയ്യാനുള്ള സൗകര്യവും സ്വാതന്ത്ര്യവും ഒരുക്കുന്നത് നമ്മുടെ വ്യക്തിത്വ വികാസത്തിനും ജീവിതാനന്ദത്തിനും ഏറെ ഗുണം ചെയ്യും. കുടുംബത്തിലുള്ള ഒരുപാട് തെറ്റിദ്ധാരണയും പിണക്കങ്ങളും എളുപ്പത്തിൽ ഇല്ലാതാക്കാനത് വഴി തെളിക്കും. പരസ്പരാദരവോടെയും ഗുണകാംക്ഷയോടെയുമുള്ള കൂടിയിരുത്തങ്ങൾ കുടുംബങ്ങളിലും ജോലി സ്ഥലത്തും ഉടലെടുക്കുന്ന പല പ്രശ്‌നങ്ങളും അനായാസേന പരിഹരിക്കാൻ സഹായിക്കും. നമ്മുടെ വാക്കും പ്രവൃത്തിയും അന്യരുടെ ജീവിത ക്ഷേമത്തിനു കൂടി ഉതകണമെന്ന മനോഭാവമാണോ അതല്ല, അവയിലൂടെ അസ്വസ്ഥതയും അശാന്തിയും വിതച്ച് ജീവിതം പരസ്പരം ദുഷ്‌കരമാക്കി സ്വയം നരകിച്ചും മറ്റുള്ളവരെ നരകിപ്പിച്ചും അങ്ങനെ തുടരാമെന്ന മനോഭാവമാണോ നമ്മെ നയിക്കുന്നത് എന്നതാണ് നാം നിരന്തരം ചോദിക്കേണ്ട പ്രസക്തമായ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ടാവും മറ്റുള്ളവരുടെ മനസ്സിൽ നാം എങ്ങിനെ പതിയുന്നു എന്നതിന്റെ ബ്ലൂ പ്രിന്റ്.