ന്യുദല്‍ഹി- അഫ്ഗാനിലെ സമാധാന ശ്രമങ്ങളുടമായി ബന്ധപ്പെട്ട് റഷ്യയില്‍ വെള്ളിയാഴ്ച നടക്കുന്ന ബഹുരാഷ്ട്ര ചര്‍ച്ചയില്‍ താലിബാനൊപ്പം ഇന്ത്യയും പങ്കെടുക്കും. പാക്കിസ്ഥാന്, ചൈന, യുഎസ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. താലിബാനുമായുള്ള ഇന്ത്യയുടെ ചര്‍ച്ച അനൗദ്യോഗികമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മോസ്കോയില്‍ ഇന്ന് ചര്‍ച്ച നടക്കുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാറും വ്യക്തമാക്കി. അഫ്ഗാനിസ്ഥാലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ, പാക്കിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ രാഘവന് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് ഇന്ത്യയിലെത്തി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയില്‍ താലിബാന് കൂടി ഉള്‍പ്പെട്ട ബഹുകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
അഫ്ഗാനില്‍ സമാധാനം ഉറപ്പു വരുത്തുന്നതിനും ഐക്യവും ബഹുസ്വരതയും സ്ഥിരതയും സംരക്ഷിക്കാനുമുള്ള സമാധാന, അനുരജ്ഞന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയുണ്ടെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. അഫ്ഗാനില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തി തങ്ങളുടെ ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘടനയായാണ് താലിബാനെ വിശേഷിപ്പിക്കുന്നത്. ആദ്യമായാണ് ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തുന്നത്.
ഈ ചര്‍ച്ചയിലേക്ക് ഇറാന്, കസഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍, ഉസ്ബെകിസ്ഥാന് എന്നീ രാജ്യങ്ങളേയും ക്ഷണിച്ചിരുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്നിക് റിപോര്‍ട്ട് ചെയ്യുന്നു.