Sorry, you need to enable JavaScript to visit this website.

വാപ്പച്ചിയും മോനും ഇന്ത്യന്‍2വില്‍ ഒന്നിക്കുന്നു 

മമ്മൂട്ടിക്ക് പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ സല്‍മാന് തുടക്കം മുതലേ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ആദ്യം ലഭിച്ചിരുന്നതെങ്കില്‍ പിന്നീടത് മാറി ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും ഈ താരപുത്രന്‍ തെളിയിച്ചിരുന്നു.
താരപുത്രനെന്ന നിലയില്‍ മുന്‍നിര നിര്‍മ്മാണ കമ്പനികളും സംവിധായകരുമൊക്കെ താരപുത്രനെ സമീപിച്ചിരുന്നുവെങ്കിലും നവാഗത സംവിധായകനൊപ്പമായിരുന്നു അദ്ദേഹം അരങ്ങേറിയത്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം നിരവധി അവസരങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്. ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്നതാണ് ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം പ്രധാനം. തമിഴിലായാലും തെലുങ്കിലായാലും താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലും മാത്രമല്ല ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദുല്‍ഖര്‍ സല്‍മാന്‍.
വേദികളിലും മറ്റ് ചടങ്ങുകളിലും ദുല്‍ഖറിനേയും മമ്മൂട്ടിയയേും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആരാധകലോകം ഒരുപോലെ ചോദിക്കുന്ന ചോദ്യമുണ്ട്. സിനിമയ്ക്കായി ഇരുവരും എന്നാണ് ഒരുമിക്കുന്നതെന്ന്, മികച്ച തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും ഒരുപോലെ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഈ കൂടിച്ചേരലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ അമ്മമഴവില്ലില്‍ ദുല്‍ഖര്‍ വാപ്പച്ചിക്കൊപ്പം സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു സ്‌കിറ്റിന് ലഭിച്ചത്.
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ ഉലകനായകന്‍ കമല്‍ഹസന്റെ ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായ ശങ്കറിന്റെ ഇന്ത്യന്‍ 2 ന് വേണ്ടിയാണ് മെഗാസ്റ്റാറും കുഞ്ഞിക്കയും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest News