ദീപാവലി ചിത്രമായ സര്‍ക്കാര്‍ പ്രദര്‍ശന വിജയം നേടി വരികയാണെങ്കിലും അസഹിഷ്ണുക്കള്‍ക്ക് അതത്ര രസിക്കുന്നില്ല. തമിഴുനാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണം. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ് തിയേറ്ററുകള്‍ ആക്രമിച്ചത്. കോയമ്പത്തൂരിലേയും മധുരയിലെ തീയറ്ററുകളാണ് ആക്രമിക്കപ്പെട്ടത്. എ.ഐ.എ.ഡി.എം.കെയെ വിമര്‍മശിച്ചതും ചിത്രത്തിലെ ഒരു കഥാപാത്രത്തിന് കോമളവല്ലി എന്ന പേര് നല്‍കിയതുമാണ് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ യഥാര്‍ത്ഥ പേര് കോമളവല്ലി എന്നാണ്. സര്‍ക്കാരിനേയും ഭരണകക്ഷിയേയും വിമര്‍ശിക്കുന്ന സിനിമയ്‌ക്കെതിരെ റിലീസിന്റെ അന്ന് തന്നെ എ.ഐ.എ.ഡി.എം.കെ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ പ്രധാന നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ചിത്രം റിലീസ് ചെയ്തിന് പിന്നാലെ തമിഴ്‌നാട് മന്ത്രിമാരായ അന്‍പളകന്‍, സി.വി ഷണ്‍മുഖം, ഡി. ജയകുമാര്‍, കടമ്പൂര്‍ രാജു എന്നിവര്‍ പ്രതികരിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യാപകമായി കീറുകയും ചെയ്തിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ മണ്‍മറഞ്ഞ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കി. ചിത്രം മെഗാ ഹിറ്റായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.