വാഷിങ്ടണ്‍- യുഎസില്‍ കോണ്‍ഗ്രസിലെ ഉപരിസഭയായ സെനറ്റിലേക്കും അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലേക്കും (ജനപ്രതിനിധി സഭ) നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കും തിരിച്ചടി. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 219 സീറ്റുകള്‍ നേടി നിയന്ത്രണം തിരിച്ചുപിടിച്ചു. 218 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. റിപബ്ലിക്കന്‍ പാര്‍ട്ടി 193 സീറ്റുകളിലാണ് ജയിച്ചത്. 435 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ നടന്നിട്ടുണ്ട്. അതേസമയം സെനറ്റില്‍ റിപബ്ലിക്കന്‍ ഭൂരിപക്ഷം നിലനിര്‍ത്തി. ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 51 സീറ്റു നിലനിര്‍ത്തിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 45 സീറ്റും നേടി. രണ്ട് സ്വതന്ത്ര അംഗങ്ങളുള്‍പ്പെടെയാണിത്. സംസ്ഥാന ഗവര്‍ണര്‍മാരില്‍ ഡെമോക്രാറ്റുകള്‍ 21ഉം റിപബ്ലിക്കന്‍ 25ഉം ആണു നില.
എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടി നിയന്ത്രണം കയ്യില്‍ വന്നതോടെ ഇനി ട്രംപിന്റെ അജണ്ടകള്‍ക്ക് തടയിടാന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിയും. അതേസമയം സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടി കൂടുതല്‍ കരുത്തരാകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് ട്രംപ് ഭരണകൂടത്തിന്റെ ഹിതപരിശോധന ആയാണ് വിലയിരുത്തപ്പെട്ടത്. ആഗോള തലത്തിലും അമേരിക്കന്‍ ജനതയ്ക്കിടയിലും പ്രതിഷേധത്തിനും എതിര്‍പ്പിനും ഇടയാക്കിയ ട്രംപിന്റെ നയപരമായ തീരുമാനങ്ങളും നിയമങ്ങളും പ്രാബല്യത്തിലാക്കുന്നത് ഇനി എളുപ്പമാകില്ല. ഇവയ്ക്കു തടയിടാന്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്ക് കഴിയും.