Sorry, you need to enable JavaScript to visit this website.

കർണാടക ഉപതെരഞ്ഞെടുപ്പ് : സഖ്യമാണ് ശക്തി; കോൺഗ്രസിനുള്ള സന്ദേശം

കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയവാർത്ത പുറത്തു വന്നപ്പോൾ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കർണാടക സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പൂച്ചെണ്ട് നൽകുന്നു.

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പായുള്ള കർണാടക വിജയം കോൺഗ്രസിന് ആത്മവിശ്വാസമേകും

ബംഗളൂരു- ബെല്ലാരി എന്നാൽ റെഡ്ഡി സഹോദരന്മാർ എന്നാണ് പര്യായം. ഖനി ഭീമന്മാരായ, രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാർ എന്ന് ഖ്യാതിയുള്ള റെഡ്ഡി സഹോദരൻമാരുടെ സ്വന്തം നാട്. കർണാടക ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ ബെല്ലാരി പറഞ്ഞത് ഒരു വലിയ കഥയാണ്. രണ്ടു ലക്ഷമെന്ന റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ്-ജനതാദൾ സഖ്യം ബെല്ലാരി സീറ്റ് പിടിച്ചെടുത്തത്. 
വിരാട് കോഹ്‌ലിക്ക് കീഴിലുള്ള ഒരു ടെസ്റ്റ് പരമ്പരയിലെ വിജയം പോലെ തോന്നുന്നു എന്നാണ് അഞ്ചിൽ നാല് വിജയത്തിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തത്. സഖ്യം ഫലം നൽകിയെന്നും അദ്ദേഹം എഴുതി.
ക്രിക്കറ്റിന്റെ ഭാഷ തന്നെ ഉപയോഗിച്ചാൽ, കോൺഗ്രസിന്റെ മാൻ ഓഫ് ദ മാച്ച്, എല്ലാ കാലത്തേയും പാർട്ടിയുടെ 'മാൻ' ആയ ഡി.കെ.ശിവകുമാർ തന്നെ. ബെല്ലാരിയിലെ വിജയം ഉറപ്പു വരുത്തുന്നതിന് ശിവകുമാർ കഠിനപ്രയത്‌നം ചെയ്തു. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിന് പാർട്ടിയെ സഹായിച്ച ശിവകുമാറിന്, ബെല്ലാരി വിജയത്തോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രത്യേക സമ്മാനം കരുതി വെച്ചിട്ടുണ്ടെന്നാണ് ഉപശാലവാർത്തകൾ.
നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന നവംബറിൽ കർണാടക ഒരു ദേശീയ ഫലസൂചികയാണോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ ജോത്സ്യൻമാർ കണക്കു കൂട്ടുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഈ മാസവും അടുത്ത മാസവുമായി തെരഞ്ഞെടുപ്പ് നടക്കുകയാണ്. 
ആദ്യമേ പറയട്ടെ, സഖ്യ സർക്കാരുകളുടെ തിന്മകളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപദാനങ്ങൾ ഇപ്പോഴും വാഴ്ത്തുകയും ചെയ്യുന്ന ദേശീയ മാധ്യമക്കാരെ വിശ്വസിക്കരുത്. 10 വർഷമെങ്കിലും തുടരേണ്ട ശക്തമായ ഒരു സർക്കാരിനെക്കുറിച്ച് നിയമപരമായ മുന്നറിയിപ്പുകൾ അവർ വീണ്ടും വീണ്ടും നൽകിക്കൊണ്ടിരിക്കുന്നുണ്ട്. 
ഇതിലൊന്നും കുടുങ്ങില്ലെന്ന വോട്ടറുടെ നിശ്ചയദാർഢ്യമാണ് കർണാടകയിൽ കണ്ടത്. ആക്രമണോത്സുകമായ ബി.ജെ.പിയെ നേരിടാൻ പ്രാദേശികമായി തന്ത്രപ്രധാന സഖ്യങ്ങൾ അനിവാര്യമെന്ന സന്ദേശം തന്നെയാണ് കർണാടക നൽകുന്നത്. പ്രതിപക്ഷത്തിന് ഈ സന്ദേശമാണ് വോട്ടർമാർ സ്ഥിരമായി നൽകിക്കൊണ്ടിരിക്കുന്നത്. രണ്ടു കക്ഷികൾ തമ്മിൽ പ്രധാന മത്സരം നടക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും പോലും കോൺഗ്രസ് ഈ സന്ദേശം അവഗണിക്കരുത്.
മഹാഗത് ബന്ധനെക്കുറിച്ച് (വിശാല സഖ്യം) എപ്പോഴും പുച്ഛത്തോടെ മാത്രമേ ബി.ജെ.പി സംസാരിക്കാറുള്ളൂ എന്നതും സഖ്യ സർക്കാർ കുഴപ്പത്തിലേക്ക് നയിക്കുമെന്ന് പ്രചരിപ്പിക്കുന്നതും ഈ അപകടം മുന്നിൽ കണ്ടാണ്. എന്നാൽ വോട്ടർമാർ ഈ മുന്നറിയിപ്പ് കേട്ട ഭാവം നടിക്കുന്നില്ല. കരുത്തനായ ഒരു നേതാവ്, കരുത്തുള്ള സർക്കാർ എന്ന കാര്യത്തിൽ മോഡിയും അമിത് ഷായും ഊന്നുന്നതും പ്രാദേശിക സഖ്യങ്ങൾ ഉണ്ടാക്കാവുന്ന അപകടം മുന്നിൽ കണ്ടാണ്. 
ശക്തരായ പ്രാദേശിക നേതാക്കളാണ് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പ്രധാന മാർഗം. ശക്തരായ നേതാക്കളില്ലാതെ സഖ്യം വേണ്ടത്ര വിജയിക്കുന്നില്ലെന്നും കോൺഗ്രസിനറിയാം. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനേയും അശോക് ഗെഹ്‌ലോട്ടിനേയും മധ്യപ്രദേശിൽ കമൽനാഥിനേയും ജോതിരാദിത്യ സിന്ധ്യയേയും മുന്നിൽ നിർത്തി രാഹുൽ പൂരിപ്പിക്കാൻ ശ്രമിക്കുന്നതും ഇതേ ആശയമാണ്. ദിഗ്‌വിജയ് സിംഗിന്റെ മകനും സഹോദരനും സീറ്റ് നൽകി അദ്ദേഹത്തിന്റെ ശല്യം അവസാനിപ്പിച്ചതും ഇതേ തന്ത്രത്തിന്റെ ഭാഗമായാണ്. 
അജിത് ജോഗിക്ക് ശേഷം ഛത്തീസ്ഗഢിൽ ശക്തനായ ഒരു നേതാവില്ലാത്തത് കോൺഗ്രസിനെ വിഷമിപ്പിക്കുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പിലെ വിജയം എന്തായാലും ആസന്നമായ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ശുഭപ്രതീക്ഷ നൽകുന്നതാണ്.
 

Latest News