പ്രീമിയം എസ്‌യുവി ഗണത്തിലേക്ക് മഹീന്ദ്ര ഇറക്കാന്‍ പോകുന്ന പുത്തന്‍ മോഡലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. വൈ400 എന്ന വിളിപ്പേരില്‍ മഹീന്ദ്രയ്ക്കുള്ളില്‍ കറങ്ങി നടന്ന പുതിയ അവതാരത്തിന്റെ പേര് അല്‍ടുറസ് ജി4 ആണെന്ന് കമ്പനി വ്യക്തമാക്കി. ടൊയോട്ട ഫോര്‍ച്യുനര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കോഡിയാക് എന്നീ കരുത്തരെ വെല്ലുന്ന സെവന്‍ സീറ്ററാണ് അല്‍ടുറസ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയന്‍ കാര്‍നിര്‍മ്മാതക്കളായ സാങ്‌യോംങിന്റെ പുതുതലമുറ റെക്സ്റ്റന്‍ ജി4 അടിസ്ഥാനമാക്കിയാണ് അല്‍ടുറസിന്റെ നിര്‍മ്മാണം. സുരക്ഷയ്ക്കും കരുത്തിനും യാത്രാ സുഖത്തിനും പ്രാമുഖ്യം നല്‍കി ആഢംബരങ്ങളോടെയാണ് അല്‍ടുറസ് എത്തുന്നത്. ഒരു പരിധിവരെ ദക്ഷിണ കൊറിയന്‍ പതിപ്പിന്റെ റിബാഡ്ജ്‌സ് പതിപ്പാണിത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ട്. നവംബര്‍ 24നാണ് അല്‍ടുറസ് അവതരിപ്പിക്കുക. 26 മുതല്‍ നിരത്തിലെത്തുമെന്നും കമ്പനി പറയുന്നു. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 50,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം.
വില കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 25-35 ലക്ഷം വരുമെന്നാണ് കരുതപ്പെടുന്നത്. ധാരാളം ഫീച്ചറുകളും ഉണ്ട്. ഡേടൈം റണ്ണിംഗ് ലൈറ്റോട് കൂടിയ മുഴു എല്‍.ഇ.ഡി ഹെഡ്‌ലാംപുകള്‍, വലിയ അലോയ് വീലുകള്‍, ഇലക്ട്രിക് സണ്‍റൂഫും മുന്‍ സീറ്റുകളും, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പ്ള്‍ കാര്‍ പ്ലെ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും അല്‍ടുറസിന്റെ ഫീച്ചറുകളാണ്. ഒമ്പത് എയര്‍ ബാഗുകളും എ.ബി.എസും ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്കും സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുമെന്നും റിപോര്‍ട്ടുണ്ട്.
കൂടുതല്‍ വിശദാംശങ്ങളൊന്നും മഹീന്ദ്ര പുറത്തു വിട്ടിട്ടില്ല. നവംബര്‍ 24ന് ലോഞ്ചിംഗിനൊപ്പമായിരിക്കും ഇവ വെളിപ്പെടുത്തുക. 183 കരുത്തു പകരുന്ന 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനായിരിക്കും അല്‍ടുറസിന്റെ കരുത്ത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലായിരിക്കും ഇത്. മാനുവല്‍ ട്രാന്‍സ്മിഷനെ കുറിച്ച് പരാമര്‍ശങ്ങളൊന്നുമില്ല. 2WD AT, 4WD AT എന്നീ രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്. ന്യൂ പേള്‍ വൈറ്റ്, നപോളി ബ്ലാക്ക്, ലേക്ക്‌സൈഡ് ബ്രൗണ്‍, ഡിസാറ്റ് സില്‍വര്‍ എന്നീ നാലു നിറങ്ങളിലാണ് ലഭിക്കുക. പൂനെക്കടുത്ത ഛകാനിലെ മഹീന്ദ്ര പ്ലാന്റിലാണ് നിര്‍മ്മാണം.