മലയാളത്തിലെ വിജയനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. കട്ടപ്പനയിലെ ഹൃതിക് റോഷന്‍, രാമലീല, ഒരേ മുഖം എന്നീ ചിത്രങ്ങള്‍ പ്രയാഗയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയാണ് പ്രയാഗയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
ഇപ്പോള്‍ കന്നടയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം. കന്നടയിലെ സൂപ്പര്‍താരം ഗണേഷ് നായകനാവുന്ന ഗീതയാണ് അരങ്ങേറ്റ ചിത്രം. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി എത്തിയ പ്രയാഗ പിന്നീട് അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല.
സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ഉള്‍ട്ടയാണ് പ്രയാഗയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ചിത്രത്തില്‍ അനുശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീയുടെ സഹോദരിയായാണ് പ്രയാഗ ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍ ചിത്രത്തിന്റ രചന നിര്‍വ്വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്. വന്‍താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പിയാണ്.