ന്യൂദൽഹി- നിയന്ത്രണരേഖയില്‍ രണ്ട് ഇന്ത്യൻ സൈനികരെ വധിച്ച് മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തിൽ സൈന്യം കൃത്യമായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. സൈന്യത്തില്‍ പൂർണ വിശ്വാസമർപ്പിക്കണമെന്നും പാക്കിസ്ഥാൻ സൈന്യത്തിന് ശക്തമായ മറുപടി നൽകാൻ നമുക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യം വന്നപ്പോള്‍ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത് മറക്കരുത്. ഉചിതമായ സമയത്ത് സൈന്യം ഇനിയും ഉചിതമായ നടപടികള്‍ കൈക്കൊള്ളും.
പാക്കിസ്ഥാനെതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ സൈന്യത്തിന്‍റെ തീരുമാനം നടപ്പാക്കുമെന്നായിരുന്നു മറുപടി. നടപടി സ്വീകരിക്കാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിനു നല്‍കിയിരിക്കയാണ്. ഇത്തരം വിഷയങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും മന്ത്രി ചോദ്യത്തിനു മറുപടി നല്‍കി.ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് റേഞ്ചേഴ്സ് റോക്കറ്റാക്രമണത്തിലാണ് രണ്ടു സൈനികരെ കൊലപ്പെടുത്തിയത്. തുടർന്ന് ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു.