മലയാളം ന്യൂസ് ആപ്പ് പുതുമകളോടെ; സൗജന്യമായി ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
ആഗ്ര- താജ്മഹലിനു സമീപത്തുള്ള പുരാതന പള്ളിയില്‍ ദിവസേനയുള്ള നമസ്ക്കാരത്തിന് കേന്ദ്ര പുരാവസ്തു വകുപ്പ് നിരോധനമേര്‍പ്പെടുത്തി. ഈ പള്ളിയില്‍ ഇനി ആഴ്ചയില്‍ ഒരിക്കല്‍ വെള്ളിയാഴ്ച നാട്ടുകാര്‍ക്കു മാത്രമെ നമസ്ക്കരിക്കാന്‍ അനുമതിയുള്ളൂ. പുറത്ത് നിന്ന് ആരേയും പ്രവേശിപ്പിക്കില്ല. നമസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്ത ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എ.എസ്.ഐ) പള്ളിയിലെത്തുന്ന വിശ്വാസികള്‍ നമസ്ക്കാരത്തിനായി അംഗശുദ്ധിവരുത്തുന്ന ഹൗള് അടച്ചു പൂട്ടി താഴിടുകയും ചെയ്തു. ജൂലൈയിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്്തിട്ടുള്ളതെന്നാണ് എ.എസ്.ഐ അധികൃതരുടെ വിശദീകരണം. നാട്ടുകാരല്ലാത്ത പുറത്തു നിന്നുള്ളവര്‍ക്ക് താജ് പള്ളിയില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം സുപ്രീം കോടതി നേരത്തെ ശരിവച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് എല്ലാ ദിവസവും ഈ പള്ളിയില്‍ നമസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ചകളില്‍ താജ്മഹല്‍ അവധിയാണ്. സന്ദര്‍ശകരെ അനുവദിക്കില്ല. അതേസമയം പ്രദേശ വാസികളായ മു്സ്ലിംകള്ക്ക് ജുമുഅ നമസ്ക്കാരത്തിനായി ടിക്കറ്റില്ലാതെ പ്രവേശനമുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ടിക്കറ്റെടുത്ത് താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഈ പള്ളിയില്‍ കയറി നമസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച മുതലാണ് പൊടുന്നനെ പള്ളിയിലെ ഹൗള് എ.എസ്.ഐ അടച്ചു പൂട്ടിയത്. നമസ്ക്കരിക്കാനെത്തി പല വിനോദ സഞ്ചാരികളും ഇതോടെ നിരാശരായി.
പള്ളിയിലെ ഇമാമിനോടും ജീവനക്കാരോടും വെള്ളിയാഴ്ച മാത്രം വന്നാല്‍ മതിയെന്ന നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. സയിദ് സാദിഖ് അലിയാണ് ഇമാം. പരമ്പരാഗതമായി സാദിഖ് അലിയുടെ കുടുംബമാണ് ഇവിടെ ഇമാമുമാരായി ജോലി ചെയ്യുന്നത്. മാസ ശമ്പളം വെറും 15 രൂപയാണ്. പള്ളിയില്‍ നമസ്ക്കാരം നിരോധിച്ച നീക്കം അപ്രതീക്ഷിതമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി പള്ളിയില്‍ നമസ്ക്കാരം നടന്നുവരുന്നതാണ്. ഒരു കാരണവുമില്ലാതെയാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് താജ്മഹല്‍ ഇന്‍തിസാമിയ കമ്മിറ്റി പ്രസിഡന്റ് സയിദ് ഇബ്രാഹിം ഹുസൈന് സെയ്ദി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും മുസ്ലിം വിരുദ്ധ ചിന്താഗതിക്കാരാണെന്നും വിഷയം പരിഹരിക്കാന്‍ എ.എസ്.ഐ ഉദ്യോഗസ്ഥരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ചകളില്‍ നാട്ടുകാര്‍ക്കു മാത്രമെ ഈ പള്ളിയില്‍ നമസ്ക്കാരത്തിന് അനുമതിയുള്ളൂവെന്ന് എ.എസ്.ഐ ആഗ്ര സര്‍ക്കിള്‍ സുപ്രണ്ടിങ് ആര്‍ക്കിയോളജിസറ്റ് വസന്ത് സ്വരങ്കര്‍ പറഞ്ഞു. ബംഗ്ലാദേശികളും ഇന്ത്യക്കാരല്ലാത്തവരും വെള്ളിയാഴ്ച നമസ്ക്കാരത്തിനെന്ന വ്യാജേന താജ്മഹല്‍ സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ആഗ്ര അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് 2018 ജനുവരിയില്‍ നാട്ടുകാരല്ലാത്തവര്‍ക്ക് ഈ പള്ളിയിലേക്ക് പ്രവേശനം വിലക്കിയിരുന്നു. ഇതു പിന്നീട് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു ദിവസങ്ങളില്‍ താജ്മഹലിനുള്ളില്‍ ടിക്കറ്റെടുത്ത് പ്രവേശിക്കുന്നവര്‍ക്ക് നമസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നില്ല. സു്പ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ എല്ലാ ദിവസവും നമസ്ക്കാരം വിലക്കിയിരിക്കുന്നത്.