നടിയും ഗായികയുമായ വസുന്ധരദാസിനെ ടാക്‌സി ഡ്രൈവര്‍ നടുറോഡില്‍ അപമാനിച്ചതായി പരാതി. ബംഗളൂരുവില്‍ വച്ചാണ് സംഭവം. തന്നെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞുവെന്നും നാലു കിലോമീറ്ററോളം തന്റെ വാഹനത്തെ പിന്തുടര്‍ന്ന് വന്നുവെന്നും ചൂണ്ടിക്കാട്ടി മല്ലേശ്വരം പോലീസ് സ്‌റ്റേഷനിലാണ് വസുന്ധര ദാസ് പരാതി നല്‍കിയത്.
സിഗ്‌നലില്‍ വെച്ച് വസുന്ധര കാര്‍ തെറ്റായ ദിശയിലെടുത്ത് തന്റെ വഴിമുടക്കിയെന്നാരോപിച്ച ടാക്‌സി ഡ്രൈവര്‍ വസുന്ധര ദാസിന് നേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വസുന്ധര കാറുമായി മുന്നോട്ട് നീങ്ങിയപ്പോള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങണമെന്നാവശ്യപ്പെട്ട് നാലു കിലോമീറ്ററോളം ഇയാള്‍ പിന്തുടരുകയും ചെയ്തു. മറ്റൊരു സിഗ്‌നലില്‍ കാര്‍ നിര്‍ത്തേണ്ടി വന്നപ്പോള്‍ ടാക്‌സി ഡ്രൈവര്‍ പുറത്തിറങ്ങി വീണ്ടും അധിക്ഷേപിച്ച് സംസാരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മല്ലേശ്വരം പോലീസ് സ്‌റ്റേഷനിലെത്തിയ വസുന്ധര പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആരോപണ വിധേയനായ ക്യാബ് ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല.
മോഹല്‍ലാല്‍ ചിത്രമായ രാവണപ്രഭുവിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വസുന്ധര ദാസ്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വസുന്ധര ദാസ് മികച്ചൊരു ഗായിക കൂടിയാണ്.