ന്യുദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഓള് ഇന്ത്യ റേഡിയോയിലെ ഉന്നത ഉദ്യോഗസ്ഥന് ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതി ഉന്നയിച്ചപ്പോള്‍ പുറത്താക്കിയെന്നും ആരോപിച്ച് ഒമ്പത് ആകാശവാണി വനിതാ ജീവനക്കാര്‍ രംഗത്തെത്തി. ഷാദോള്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഡയറക്ടര്‍ രത്നാകര്‍ ഭാരതി എന്ന ഉദ്യോഗസ്ഥനെതിരെയാണ് അനൗണ്‍സര്‍മാരായ വനിതാ ജീവനക്കാര്‍ പരസ്യമായി രംഗത്തു വന്നത്. ഇവരില്‍ മൂന്ന് പേര് തങ്ങള്‍ നേരിട്ട ലൈംഗിക പീഡനം വിശദമായി വെളിപ്പെടുത്തുകയും ചെയ്തു. പീഡനങ്ങളെ തുടര്‍ന്ന് ഭാരതിക്കെതിരെ പരാതി നല്‍കിയതിനെ ചൊല്ലി 2017 ജൂണില്‍ ഒമ്പത് ജീവനക്കാരേയും പുറത്താക്കി. എന്നാല്‍ കുറ്റാരോപിതനായ ഭാരതിക്ക് പിന്നീട് സ്ഥാനക്കയറ്റവും ദല്‍ഹിയിലേക്കു സ്ഥലംമാറ്റവും ലഭിച്ചു.
'ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ തന്റെ ശുക്ലം എടുത്തോളൂ. ഇങ്ങനയെും സംതൃപ്തി കണ്ടെത്താമെന്ന് ഭാരതി എന്നോട് പറഞ്ഞു. ഇതു കേട്ട ഉടന്‍ ഞാന്‍ പരാതി നല്‍കുമെന്ന മുന്നറിയിപ്പു നല്‍കുകയും ഭയന്ന് സീറ്റില്‍ നിന്ന് എഴുന്നേല്ക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ദല്‍ഹിയില്‍ ഉന്നതങ്ങളില്‍ ബന്ധമുണ്ടെന്നും പരാതിപ്പെട്ടാല്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി പറഞ്ഞാല്‍ തനിക്ക്് ഒരു ചുക്കും വരില്ലെന്നും എന്റെ സല്‍പ്പേരാണ് കളങ്കപ്പെടുകയെന്നും അയാള്‍ പറഞ്ഞു,' പരാതി നല്കിയ ഒരു ജീവനക്കാരി വെളിപ്പെടുത്തുന്നു.
മഴയുള്ള ദിവസം ഓഫീസില്‍ വസ്ത്രങ്ങള്‍ നനഞ്ഞെത്തിയ തന്നെ ഭാരതി മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്ന് മറ്റൊരു പരാതിക്കാരി വെളിപ്പെടുത്തുന്നു. രാത്രി ജോലിക്ക് നിര്‍ത്തി തട്ടിക്കൊണ്ടു പോകുമെന്നും ആരുമറിയാത്തിടത്ത് പൂട്ടിയിടുമെന്നും ഭീഷണിപ്പെടുത്തിയായി മറ്റൊരു പരാതിക്കാരി പറയുന്നു. അവിവാഹിതയായി തുടരുന്നതിന് അപമാനിച്ചെന്നും ഇവര്‍ പറയുന്നു.
ഇതിനു പുറമെ ഹരിയാനയിലെ കുരുക്ഷേത്ര, യുപിയിലെ ഒബ്റ, ഹിമാചല്‍ പ്രദേശിലെ ധര്‍മശാല എന്നീ സ്റ്റേഷനുകളില്‍ നിന്നും വനിതാ ജീവനക്കാരുടെ ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്റ്റുഡിയോക്കുള്ളില്‍ വച്ച് ചുംബിച്ചെന്നാണ് ധര്‍മശാല സ്റ്റേഷനിലെ വനിതാ കാഷ്വല്‍ അനൗണ്‍സറുടെ പരാതി. ഈ രംഗം സി.സി.ടി.വിയില്‍ നിന്ന് കാണാതായെന്നും അവര്‍ പറയുന്നു. ഓഫീസില്‍ വച്ച് ഉന്നത ഉദ്യോഗസ്ഥന് നീലചിത്രങ്ങള്‍ കാണുകയും മദ്യപിക്കുകയും ചെയ്തെന്ന് യുപിയിലെ ഒബ്റ സ്റ്റേഷനിലെ കാഷ്വല്‍ അനൗണ്സര് ആരോപിക്കുന്നു. ലൈബ്രേറിയന്‍ നഗ്ന ചിത്രങ്ങളടങ്ങിയ മാഗസിന് കാണിച്ചെന്നും ഇവര്‍ പരാതിപ്പെടുന്നു.