ജലീലിന്റെ മറുപടി വസ്തുതകള്‍ക്കെതിര്; രാജിവയ്ക്കും വരെ പ്രക്ഷോഭമെന്ന് യുത്ത് ലീഗ്

കോഴിക്കോട്- ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ മന്ത്രി കെ.ടി ജലീല്‍ നല്‍കിയ മറുപടി വസ്തുതകള്‍ക്കെതിരാണെന്നും തൃപ്തികരമല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ വാദങ്ങള്‍ നിലനില്‍പ്പില്ലാത്തതാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഏഴു പേരുടേയും യോഗ്യത മന്ത്രി പുറത്തുവിടാന്‍ തയാറാകണമെന്നും ഫിറോസ് വെല്ലുവിളിച്ചു. യോഗ്യതയുള്ളവര്‍ ഈ അപേക്ഷകരില്‍ ഉണ്ടായിരുന്നില്ലെന്ന വാദം നിനില്‍ക്കില്ല. യൂത്ത് ലീഗ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായി മറുപടി നല്‍കാതെ ജലീല്‍ ബാലിശമായ വാദങ്ങളുന്നയിക്കുകയാണെന്നും ഫിറോസ് പറഞ്ഞു. 

പത്രക്കുറിപ്പിലൂടെ അപേക്ഷകരെ ക്ഷണിച്ച് അഭിമുഖം നടത്തിയെങ്കിലും യോഗ്യതയുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീണ്ടും അപേക്ഷ ക്ഷണിച്ചാല്‍ യോഗ്യരായവരെ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല തോന്നലിനെ തുടര്‍ന്നാണ് നേരത്തെ അഭിമുഖത്തിന് ഹാജരാകാത്ത, എന്നാല്‍ യോഗ്യതയുള്ള മന്ത്രി ബന്ധുവായ അപേക്ഷകനെ നേരിട്ടു ക്ഷണിച്ച് നിയമിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. മന്ത്രിയുടെ തോന്നല്‍ അനുസരിച്ചാണോ നിയമനം നടത്തേണ്ടതെന്ന് ഫിറോസ് ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളേയും ഡെപ്യൂട്ടഷനു പരിഗണിക്കുമെന്ന വിവരം പരസ്യമാക്കാതെയാണ് നിയമനം നടത്തിയത്. ഇക്കര്യം നേരത്തെ തന്നെ പരസ്യമാക്കിയിരുന്നെങ്കില്‍ ഫിനാന്‍സില്‍ എം.ബി.എയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള ആയിരക്കണക്കിന് അപേക്ഷകരെ കേരളത്തില്‍ ലഭിക്കുമായിരുന്നു- ഫിറോസ് ചൂണ്ടിക്കാട്ടി.

സ്വകാര്യ ബാങ്കില്‍ സീനിയര്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന മന്ത്രിയുടെ പിതൃസഹോദര പൗത്രന്‍ കെ.ടി അദീബീനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് യുത്ത് ലീഗ് ആരോപണം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ നിയന്ത്രണങ്ങളുണ്ടെന്നും മന്ത്രി ബന്ധുവിനെ നിയമിച്ച ഈ പോസ്റ്റിലേക്ക് ഇങ്ങനെ നിയമനം നടത്താന്‍ പാടില്ലെന്നാണ് ചട്ടണമെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ മാത്രമെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വ്യവസ്ഥയുള്ളൂ. മന്ത്രി പറയുന്നത് അദീബ് ജോലി ചെയ്തിരുന്ന ബാങ്ക് സര്‍ക്കാര്‍ ചട്ടപ്രകാരം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപമാണെന്നാണ്. എന്നാല്‍ ഇത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. ഈ ബാങ്ക് പൂര്‍ണമായും സ്വകാര്യ ബാങ്കാണെന്നും ഇവിടെ നിന്നും ഒരാളെ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാന്‍ വകുപ്പില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.   

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ജലീല്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭാ യോഗ തീരുമാനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ഈ നിയമനത്തില്‍ ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഈ മന്ത്രിസഭാ തീരുമാനങ്ങളില്‍ ഒപ്പു വച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതു കണക്കിലെടുത്തു മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാന്‍ തയാറാകണെന്നും ഫിറോസ് ആവശ്യപ്പെട്ടു. 

ജലീല്‍ രാജിവയ്ക്കുകയല്ലാതെ നിര്‍വാഹമില്ല. തിങ്കളാഴ്ച യൂത്ത് ലീഗ് വ്യാപക പ്രക്ഷോഭം തുടങ്ങുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും കോഴിക്കോട് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ഓഫീസിലേക്കും മന്ത്രിയുടെ മണ്ഡലത്തിലെ എം.എല്‍.എ ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്നും ഫുറോസ് അറിയിച്ചു. യു.ഡി.എഫ് ഈ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Latest News