മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. തമിഴിലെ സൂപ്പര്‍സ്റ്റാര്‍സ് രജനികാന്തും കമല്‍ ഹാസനുമാണ്. എന്നാല്‍, ഈ സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍ പട്ടമൊക്കെ ഒരു മികച്ച നടനെന്ന നിലയില്‍ അവര്‍ക്ക് തന്നെ ഭാരമാകാറുണ്ട് എന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു.
സൂപ്പര്‍സ്റ്റാര്‍ പദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണ്. അതിനാല്‍ മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവാതിരിക്കട്ടെയെന്ന് ജീത്തു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പുതിയ താരങ്ങള്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കഴിവുണ്ടായിട്ടും പ്രതിച്ഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നാണ് സംവിധായകന്‍ പറയുന്നത്. അതിനുദാഹരണമായി ജീത്തു ചൂണ്ടിക്കാണിക്കുന്നത് തന്റെ തന്നെ ചിത്രമായ ദൃശ്യമാണ്.
ചിത്രത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലിക്കൂട്ടുന്ന സീനുണ്ട്. എന്നാല്‍, അതിനോട് പലരും യോജിച്ചില്ല. പക്ഷേ, സാരമില്ല കഥയ്ക്ക് അത് ആവശ്യമാണെങ്കില്‍ ഉള്‍പ്പെടുത്തിക്കോളൂ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പോലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്‍മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നതെന്ന് ജീത്തു പറയുന്നു.