ബഹ്റായിച് (യു.പി)- നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഉത്തര്‍ പ്രദേശിലെ ബഹ്റായിച് ജില്ലയിലെ ഖയ്ര്‍ ഗ്രാമത്തില്‍ മുസ്ലിം യുവാക്കള്‍ പോലീസിനെ ഭയന്ന് കൂട്ടത്തോടെ നാടുവിടുന്നു. ഒക്ടോബര്‍ 20ന് നടന്ന ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മുസ്ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് കേസില്‍ കുടുക്കന്നത് ഗ്രാമത്തിലാകെ ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഇതിനകം ഇരുനൂറോളം മുസ്ലിം യുവാക്കള്‍ക്കെതിരെയാണ് ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള ഈ ഗ്രാമത്തിലൂടെ ഒരു വിഭാഗം നടത്തിയ ദുര്‍ഗാ പ്രതിമാ നിമജ്ജന ജാഥയ്ക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളെ ചൊല്ലിയാണ് പോലീസിന്റെ ഏകപക്ഷീയ നടപടിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
ഈ ജാഥയില്‍ പങ്കെടുത്ത ആശിഷ് കുമാര്‍ ശുക്ല എന്ന സ്വദേശി യുവാവ് 80 മുസ്ലിം യുവാക്കള്‍ക്കെതിരെ നല്കിയ പരാതിയെ തുടര്‍ന്നാണിത്. ഈ പരാതിയില്‍ 80 മുസ്ലിംകളുടെ പേരു വിവരങ്ങളും ചേര്‍ത്തിരുന്നു. ഇരുനൂറോളം തിരിച്ചറിയാത്ത മുസ്ലിംയുവാക്കള്ക്കെതിരേയും പരാതിക്കാരന് കുറ്റമാരോപിച്ചു. ബോംബുകള്‍, വാളുകള്‍, തോക്കുകള്‍ എന്നിവ ഉപയോഗിച്ച് ഇവര്‍ ജാഥയെ ആക്രമിച്ചെന്നും അറുപതോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പരാതിയില്‍ ആരോപിച്ചത്. ഈ പരാതിയിലാണ് പോലീസ് നിയമപരമായ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്നത്. ഖയ്ര്‍ സ്വദേശികളായ 19 മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഒരു വിഭാഗത്തെ മാത്രം ഉന്നംവച്ചുള്ള പോലീസ് നീക്കം വിവാദമായതോടെ യു.എ.പി.എ ചുമത്തിയതില്‍ പാളിച്ച പറ്റിയെന്ന് പോലീസ് തന്നെ സമ്മതിക്കുകയും ചെയ്തു. എഫ്.ഐ.ആറില്‍ നിന്ന് യു.എ.പി.എ വകുപ്പുകള്‍ എടുത്തുമാറ്റുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും ഭീഷണിയാകുന്ന ഗൗരവമേറിയ കുറ്റങ്ങള്‍ക്കാണ് യു.എ.പി.എ ചുമത്താറുള്ളത്. ഗ്രാമത്തില്‍ കനത്ത പോലീസ്, അര്‍ധനസൈനിക സേനാ വിഭാഗങ്ങളെ വിന്യസിച്ചു സുരക്ഷ ശക്തിപ്പെടുത്തി. കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. വീടുകളിലേറെ പൂട്ടിക്കിടക്കുന്നു. തുറന്ന വീടുകളില്‍ പ്രായമായവുരം കുട്ടികളും സ്ത്രീകളും മാത്രമാണുള്ളത്. ഗ്രാമം വിട്ടു പോകാതെ വീട്ടില്‍ തന്നെ തങ്ങിയവരെ പോലീസ് പീഡിപ്പിക്കുന്നതായും പരാതി ഉയര്‍ന്നു.
ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ അടിപിടി ഉണ്ടായി. എന്നാല്‍ പോലീസ് കേസെടുത്തത് മുസ്ലിംകള്ക്കെതിരെ മാത്രമാണ്. ഇഷ്ടിക എറിഞ്ഞും വീടുകളും കടകളും ആക്രമിച്ചും സംഘര്‍ഷത്തിന് തുടക്കമിട്ട ജാഥയിലുള്ളവര്ക്കെതിരെ ഒരു കേസു പോലുമില്ല. പോലീസ് ഞങ്ങളെ പീഡിപ്പിക്കുകയാണ്- 63കാരിയായ ജയ്തൂന പറയുന്നു. പോലീസ് വീടുകളില്‍ കയറി റെയ്ഡി തുടങ്ങിയതോടെ മുസ്ലിം യുവാക്കളെല്ലാം വീടു വിട്ടു. വീട്ടില്‍ കഴിഞ്ഞ യുവാക്കളെ പോലീസ് പിടികൂടി കൊണ്ടു പോയി. എന്റെ മകന് റംസാന് അലിയും (30) നന്കാവും(28) ജയിലിലാണ്. രണ്ടു മരുമക്കളും പേരക്കുട്ടികളും മാത്രമാണ് വീട്ടിലുളളത്-ജയ്തൂന പറഞ്ഞു.
പോലീസ് ആസൂത്രിതമെന്ന പോലെ തെരഞ്ഞെടുപിടിച്ചു നടത്തുന്ന ഈ നടപടിയില്‍ ഭയന്ന് മുന്‍ ഗ്രാമമുഖ്യന് മുഹമ്മദ് റശീദും പള്ളി ഇമാം ഹാഫിസ് അബ്ദുല്‍ ബാരിയും സ്ഥലം വിട്ടിട്ടുണ്ട്. റശീദിന്റെ കുടുംബം നാടു വിട്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും മാത്രമുള്ളപ്പോള്‍ പോലീസ് അവരുടെ വീടിന്റെ വാതിലും ജനാലകളും തകര്‍ത്തതായും അയല്‍ക്കാരനായ മുഹമ്മദ് ഹസന് പറഞ്ഞു.
സംഭവത്തെ കുറിച്ച് സ്വദേശിയും കര്‍ഷകനുമായ 55കാരന് കറാമത്തുല്ല പറയുന്നത് ഇങ്ങനെ: ദുര്‍ഗ പൂജ ജാഥ പള്ളിക്കു സമീപമെത്തിയപ്പോള്‍ ജാഥയിലുള്ള ഏതാനും പേര് കളര്‍ പൊടി റോഡരികില്‍ നില്‍ക്കുകയായിരുന്ന മുസ്ലിംകള്‍ക്കു നേരെ എറിഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും ചൂടേറിയ വാഗ്വാദമുണ്ടായി. അപ്പോഴേക്കും ആളുകള്‍ ഇടപെട്ട് പ്രശ്നം തീര്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജാഥയില്‍ ഉണ്ടായിരുന്ന മറ്റു ചിലര്‍ കളര്‍ പൊടി പള്ളിയിലേക്ക് എറിഞ്ഞു. ഇതോടെ വീണ്ടും വാഗ്വാദമുണ്ടാകുകയും അത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. അതേസമയം പ്രദേശ വാസിയായ ജഗദീഷ് കുമാര്‍ ജയ്സ്വാള്‍ എന്ന യുവാവ് പറയുന്നത് ഒരു പ്രകോപനവുമില്ലാതെ ജാഥയ്ക്കു നേരെ ആക്രമണം നടക്കുകയായിരുന്നുവെന്നാണ്.
സംഭവത്തില്‍ മുസ്ലിംകള്ക്കെതിരെ മാത്രം തെരഞ്ഞെു പിടിച്ച് കേസെടുത്തത് മറുവിഭാഗത്തിനെതിരെ ഒരു തെളിവുമില്ലാത്തതിനാലാണെന്ന് ജില്ലാ പോലീസ് അഡീഷണല്‍ സുപ്രണ്ട് രവീന്ദ്ര കുമാര്‍ സിങ് പറഞ്ഞു. 71 മുസ്ലിം യുവാക്കളെ ഇതിനകം തിരിച്ചറിഞ്ഞു. പ്രദേശ വാസികള്‍ ഷൂട്ട് ചെയ്ത എട്ട് വീഡിയോകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ഇവരില്‍ 19 പേരെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ അടിപിടി നടന്നതിന് തെളിവില്ല. ജാഥയില്‍ പങ്കെടുത്തവര്‍ ജയ് ശ്രീറാം വിളികളുമായി മുന്നോട്ടു പോകുന്നത് മാത്രമെ വിഡിയോയില്‍ കാണുന്നുള്ളൂനെന്നും അദ്ദേഹം പറയുന്നു. യു.എ.പി.എ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് സമ്മതിച്ച അദ്ദേഹം ആ ചാര്‍ജ് ഒഴിവാക്കുമെന്നും അറിയിച്ചു.
അതേസമയം ഡി.ഐ.ജി ദേവിപതന് രംഗെ പറഞ്ഞത് സംഭവ ദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി എന്നു തന്നെയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെ മാത്രമെ കേസെടുക്കൂ എന്ന നിയന്ത്രണമൊന്നുമില്ല. മറുവിഭാഗവും പരാതി നല്കിയാല് തീര്‍ച്ചയായും കേസെടുക്കും- ്അദ്ദേഹം പറഞ്ഞു.
ഇതോടെ അറുപതോളം പേര്‍ക്ക് പരിക്കേറ്റുവെന്ന പരാതി വ്യാജമാണെന്ന് വ്യക്തമായിരിക്കുകയാണ്. സംഘര്‍ഷമുണ്ടാക്കി പ്രദേശത്ത് ഭീതിപടര്‍ത്താനുള്ള ഹിന്ദുത്വ തീവ്രവാദികളുടെ കലാപ ശ്രമമാണ് ദുര്‍ഗാ പൂജാ ജാഥയുടെ മറവില്‍ നടന്നതെന്ന് സംശയവും ബലപ്പെട്ടിരിക്കുകയാണ്. ആക്രമം അഴിച്ചു വിട്ടവര്‍ തന്നെ ഒരു വിഭാഗത്തെ മാത്രം തെറ്റുകാരായി ചിത്രീകരിക്കുന്ന വീഡിയോ പകര്‍ത്തി തെളിവായി പോലീസിനു കൈമാറിയതാകാം എന്നും ഇതിനു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.