Sorry, you need to enable JavaScript to visit this website.

റിസര്‍വ് ബാങ്കില്‍ ഇടപെടാന്‍ ശ്രമിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യാന്തര നാണയ നിധി

വാഷിങ്ടണ്‍- ഇന്ത്യയില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഭിന്നതയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും അടുത്തു നിന്ന് നിരീക്ഷിച്ചു വരികയാണെന്ന് രാജ്യാന്തര നാണയ നിധി (ഐ.എം.എഫ്). ലോകത്ത് എവിടെയായാലും കേന്ദ്ര ബാങ്കുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരുകള്‍ നടത്തുന്ന ഏതു രീതിയിലുള്ള ഇടപെടലുകള്‍ക്കും തങ്ങള്‍ എതിരാണെന്നും ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളില്‍ അതൃപ്തിയുണ്ടെന്നും ഐ.എം.എഫ് വ്യക്തമാക്കി. ഈ തര്‍ക്കം നിരീക്ഷിച്ചുവരികയാണ്, ഇതു തുടരും- ഐ.എം.എഫ് കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ജെറി റൈസ് പറഞ്ഞു. കേന്ദ്ര ബാങ്കിന്റെയോ സാമ്പത്തിക അധികാരികളുടേയോ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരോ വ്യവസായികളോ ഇടപെടരുതെന്നാണ് ആഗോള തലത്തില്‍ നടപ്പു രീതി. ഇതിന് വളരെ പ്രധാന്യമുണ്ട്. ഉത്തരവാദിത്തത്തിന്റേയും വിശ്വാസ്യതയുടേയും കൃത്യമായ വരമ്പുകളുണ്ട്. ഇതിനെയാണ് ഐ.എം.എഫ് പിന്തുണയ്ക്കുന്നത്- അദ്ദേഹം വ്യക്തമാക്കി. മറ്റു പല രാജ്യങ്ങളുടെ കാര്യത്തിലും തങ്ങള്‍ക്ക് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐയുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടാല്‍ അത് ദുരന്തത്തില്‍ കലാശിക്കുമെന്ന് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ കഴിഞ്ഞയാഴ്ച പരസ്യമായി പറഞ്ഞതോടയൊണ് സര്‍ക്കാരുമായുള്ള ഭിന്നത പുറത്തായത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന ആര്‍.ബി.ഐ നിയമത്തിലെ ഏഴാം വകുപ്പ് നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രയോഗിച്ചതായും റിപോര്‍ട്ടുണ്ടായിരുന്നു. വിവിധ വിഷയങ്ങളുന്നയിച്ച് സര്‍ക്കാര്‍ മൂന്ന് കത്തുകളാണ് ഈ അധികാരം പ്രയോഗിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് അയച്ചത്. ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഈ അധികാരം പ്രയോഗിക്കുന്നത്. 

Latest News