വിജയ് ചിത്രം 'സര്‍ക്കാര്‍' കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായകന്‍ എ.ആര്‍ മുരുഗദോസിനെതിരെ സഹസംവിധായകനും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രന്‍ രംഗത്തു വന്നത് സിനിമയുടെ റിലീസിങില്‍ ആശങ്കകളുണ്ടാക്കിയിരുന്നു. എന്നാല്‍ വരുണ്‍ രാജേന്ദ്രനുമായി നിര്‍മ്മാതാക്കള്‍ ഒത്തുതീര്‍പ്പുകള്‍ നടത്തിയെന്നാണ് പുതിയ വാര്‍ത്ത. ചിത്രം ദീപാവലി ദിനത്തില്‍ തന്നെ തിയേറ്ററുകളിലെത്തും.
കഥയ്ക്കുള്ള ക്രെഡിറ്റും ഒപ്പം 30 ലക്ഷം രൂപയും വരുണ്‍ രാജേന്ദ്രന് നല്‍കാമെന്ന ഉറപ്പിലാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകന്‍ മുരുഗദോസ് ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന് മുമ്പാകെ വരുണ്‍ പരാതി നല്‍കിയിരുന്നു. 2007 ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ 'സെന്‍കോല്‍' എന്ന കഥയാണ് മുരുഗദോസ് മോഷ്ടിച്ചതെന്നായിരുന്നു വരുണിന്റെ പരാതി. വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറിനോട് താന്‍ 'സെന്‍കോളി'ന്റെ കഥ പറഞ്ഞിരുന്നെന്നും കഥ കേട്ട് ഉടനെ തന്നെ തിരിച്ചു വിളിക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ല.