Sorry, you need to enable JavaScript to visit this website.

ലക്ഷ്യം ബി.ജെ.പിയുടെ തോല്‍വി; വൈരം മറന്ന് ചന്ദ്രബാബു നായിഡു കോണ്‍ഗ്രസിനൊപ്പം

ന്യുദല്‍ഹി- ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ശത്രുത മറന്ന് ഇരു കക്ഷികളും ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനിച്ചെന്നും ഇരു നേതാക്കളും അറിയിച്ചു. 2019ല്‍ നക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടാന്‍ ഒന്നിക്കണമെന്ന ജനാധിപത്യപരമായ പ്രേരണയാലാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതെന്നും നായിഡു പറഞ്ഞു. ഞങ്ങള്‍ക്കൊരു പഴയ കാലമുണ്ടെന്നും അതിനെ കുറിച്ച് സംസാരിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും രാഹുലും പറഞ്ഞു. ഭാവിയെ കുറിച്ചു മത്രമെ സംസാരിക്കാവൂ എന്നാണ് കൂട്ടായ തീരുമാനം. 2014ല്‍ ആന്ധ്രാ പ്രദേശിനെ വിഭജിച്ച് മുന്‍ യു.പി.എ സര്‍ക്കാര്‍ തെലങ്കാന സംസ്ഥാന രൂപീകരിച്ചതില്‍ കടുത്ത പ്രതിഷേധമുള്ള നേതാവായിരുന്നു നായിഡു. കോണ്‍ഗ്രസും ടി.ഡി.പിയും തമ്മിലുള്ള ശത്രുതയ്ക്ക് മൂന്ന് പതിറ്റാലേറെ പഴക്കമുണ്ട്. 

ആന്ധ്രയിലെ കരുത്തുറ്റ നേതാവും നായിഡുവിന്റെ ഭാര്യാ പിതാവുമായ മുന്‍ മുഖ്യമന്ത്രി എന്‍.ടി റാമ റാവു ടി.ഡി.പി രൂപീകരിച്ചത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനു വേണ്ടി മാത്രമായിരുന്നു. അതില്‍ രാമ റാവു വിജയിക്കുകയും 1983ല്‍ അദ്ദേഹം ആന്ധ്രയിലെ ആദ്യ കോണ്‍ഗ്രസിതര മുഖ്യമന്ത്രി ആകുകയും ചെയ്തു.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച നായിഡു ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്തിരിക്കുകയാണ്. 2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിനൊപ്പം നിന്ന ടി.ഡി.പി മൂന്ന് മാസം മുമ്പാണ് സഖ്യം വിട്ടത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയിലും തെലങ്കാനയിലും ടി.ഡി.പിയും കോണ്‍ഗ്രസും ഒന്നിച്ചായിരിക്കും മത്സരിക്കുക. സംസ്ഥാന വിഭജനത്തോടെ തകര്‍ന്ന ആന്ധ്രയിലെ കോണ്‍ഗ്രസിനും തെലങ്കാനയില്‍ തകര്‍ന്ന ടി.ഡി.പിക്കും ഈ സഖ്യം ഇരു സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടലിലാണ്.
 

Latest News