യുവജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടിയ ടിക്‌ടോക് ആപ്പിനെ നേരിടുന്നതിനുള്ള വഴികൾ തേടുകയാണ് ഫെയ്‌സ് ബുക്ക്.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ടിക് ടോക് ആപ്പിനെ മറികടക്കുകയാണ് ലാസോ എന്ന് പേരിട്ടിരിക്കുന്ന ഫെയ്‌സ്ബുക്ക് ആപ്പിന്റെ ലക്ഷ്യം. ഇത് ഉടൻ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന. ഫെയ്‌സ്ബുക്ക് ആപ്പിൽ ഈയിടെ വന്ന ലിപ് സിങ്ക് ലൈവ് എന്ന ഫീച്ചർ ലാസോ വിപണിയിൽ എത്താറായി എന്നതിന്റെ സൂചനയായാണ് നിരീക്ഷകർ കാണുന്നത്.
ലാസോയെ മുന്നിൽ നിർത്തി ടിക്‌ടോകിനോട് പൊരുതുമോ, അതോ വാട്‌സ്ആപ്പിനെ സ്വന്തമാക്കിയതു പോലെ ടിക്‌ടോകിനെയും സ്വന്തമാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയേക്കാളും മുന്നിലെത്തിയിരിക്കയാണ് 50 കോടി ഉപയോക്താക്കളുള്ള ടിക്‌ടോക്.
ടിക്‌ടോക്കിലെ പതിനഞ്ച് സെക്കൻഡ് പാട്ടുകൾ പോലെയായിരിക്കില്ല ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്ന ലാസോയുടെ ലൈബ്രറി. സംഗീത കമ്പനികളുമായി ചേർന്ന് മുഴുനീള പാട്ടുകൾ തന്നെ ലഭ്യമാക്കാനാണ് ലാസോയുടെ പദ്ധതി.
ടിക്‌ടോക് ഉടമസ്ഥരായ ബൈറ്റ് ഡാൻസ് കമ്പനിയുടെ മൂല്യം ഇപ്പോൾ 7500 കോടി ഡോളറാണ്. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് ആപ്പ് ആയി മാറി ബൈറ്റ് ഡാൻസ്. ടിക്‌ടോക്കിനു പുറമെ, ബൈറ്റ് ഡാൻസിന്റെ വാർത്താ ആപ്പായ Toutiao ചൈനയിൽ പ്രചാരമുള്ള ആപ്പുകളുടെ പട്ടികയിൽ മുന്നിലാണ്.
നിർമിത ബുദ്ധി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കാണാൻ താൽപര്യമുള്ള വീഡിയോകൾ മുന്നിൽ എത്തിക്കുമെന്ന് പറഞ്ഞാണ് കമ്പനി രംഗപ്രവേശം ചെയ്തിരുന്നത്. വാർത്താ ആപ്പായ Toutiaoയിൽ പരീക്ഷിച്ച നിർമിത ബുദ്ധി വൻ വിജയമായതിനു പിന്നാലെ 2016 ലാണ് ഇവർ മ്യൂസിക്‌ലിക്ക് സമാനമായ ഡൂ ഇൻ എന്ന ആപ്പ് ഇറക്കിയത്. Toutiao ആപ്പിന് ഇന്ന് 24 കോടി ഉപയോക്താക്കൾ ഉണ്ടെന്നു മാത്രമല്ല, ശരാശരി ഒരു മണിക്കൂറാണ് ഓരോ ഉപയോക്താവും ഇതിൽ ചെലവഴിക്കുന്നത്. ഡൂ ഇൻ, മ്യൂസിക്ലിയുമായി ചേർന്നാണ് ടിക്‌ടോക് ആയി മാറിയത്.
2014 ൽ രംഗത്തു വന്ന മ്യൂസിക്‌ലി വളരെ പെട്ടെന്ന് യുവാക്കള ആകർഷിച്ചിരുന്നു. 2017 ലാണ് 20 കോടി ഉപയോക്താക്കൾ ഉണ്ടായിരുന്ന മ്യൂസിക്‌ലി ആപ്പിനെ ചൈനീസ് കമ്പനി സ്വന്തമാക്കിയത്.
വീഡിയോകൾ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ ടിക്‌ടോക് ആപ്പിന്റെ സ്വീകര്യത വർധിപ്പിച്ചു. ടിക്‌ടോക്കിലെ ചുണ്ട്-സിങ്ക് ചെയ്തുള്ള ഡബ്സ്മാഷ് പാട്ടുകളും ഡയലോഗുകളും ഡാൻസുകളും സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് പ്രിയങ്കരമായി. ഉപയോഗിക്കാൻ എളുപ്പമാണെന്നതും ഈ ആപ്പിന് പ്രചാരം കൂടാൻ സഹായകമായി.