Sorry, you need to enable JavaScript to visit this website.

ഷക്കീലയുടെ ആത്മകഥ ബോളിവുഡില്‍ ഒരുങ്ങുന്നു 

ജീവിതകഥ പറയുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷക്കീലയും എത്തുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2000ന്റെ തുടക്കകാലത്തു ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷം കൈകാര്യം ചെയ്യുന്നത്. കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് 'ഷക്കീല. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഷക്കീലയുടെ ജീവിത കഥ പറയുന്നതിനൊപ്പം യഥാര്‍ത്ഥ ഷക്കീലയെ സ്‌ക്രീനില്‍ കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് സംവിധായകന്‍ ലങ്കേഷ്. 'ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓണ്‍ സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാനാഗ്രഹിക്കുന്നത്, സിനിമകള്‍ കിട്ടാതെ കഷ്ടപ്പെട്ട അവരുടെ ജീവിതത്തിലെ ദുഷ്‌കരമായ കാലഘട്ടത്തെ കുറിച്ച്, സ്വഭാവറോളുകള്‍ ലഭിക്കാനായി അവര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാന്‍ ഞാനാഗ്രഹിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ ഷക്കീലയുടെ യഥാര്‍ത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്' സംവിധായകന്‍ ലങ്കേഷ് പറയുന്നു.
തന്റെ ജീവിതത്തെക്കുറിച്ച് ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളും കാഴ്ചപ്പാടുകളുംവരെ ടീം അംഗങ്ങളുമായി പങ്കുവയ്ക്കാന്‍ ഷക്കീല തയ്യാറായെന്നും ലങ്കേഷ് പറയുന്നു.'ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്‌ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയപ്പോഴും ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഷക്കീല കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടതാരമായത്. വന്‍മുതല്‍ മുടക്കിലെടുത്ത മുഖ്യധാരാ ചിത്രങ്ങള്‍ പലതും എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ ഷക്കീല ചിത്രങ്ങള്‍ കത്തിക്കയറി. പിന്നീട് ഷക്കീലയെ ആട്ടിപ്പായിക്കുകയായിരുന്നു. 

Latest News