ഒറ്റ സിനിമ കൊണ്ട് മലയാളി മനസ്സിനെ കീഴടക്കിയ ആഫ്രിക്കൻ മുഖം ഇതാ വീണ്ടും. സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത സുഡാനി സാമുവൽ അബിയോള റോബിൻസൺ വീണ്ടുമെത്തുകയാണ്, ചിത്രം ഒരു കരീബിയൻ ഉഡായിപ്പ്. ഈ കാമ്പസ് ചിത്രത്തിന്റെ സംവിധാനം നവാഗതനായ എ. ജോജിയാണ്. സാമുവൽ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ആദ്യം പർപ്പിൾ എന്ന പേരാണ് ചിത്രത്തിനായി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഒരു കരീബിയൻ ഉടായിപ്പ് എന്ന് മാറ്റുകയായിരുന്നു.
വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയൻ, മറീന മൈക്കിൾ, ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തുന്നു. കാർത്തികേയൻ സിനിമാസിനു വേണ്ടി ആർ.വി.കെ നായർ ആണ് ചിത്രം നിർമിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഈണം പകരുന്നത് ചാരു ഹരിഹരൻ. ഛായാഗ്രഹണം വേണുഗോപാൽ, എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ. സൂൺ ഇൻ തിയേറ്റേഴ്‌സാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.