മഞ്ജു വാര്യരും കാളിദാസ് ജയറാമും ആദ്യമായി ഒന്നിക്കുന്ന സന്തോഷ് ശിവന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഇവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജാക്ക് ആന്റ് ജില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം നടക്കുന്നത് ആലപ്പുഴയുലെ ഹരിപ്പാടാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. 2011ല്‍ പുറത്തിറങ്ങിയ ഉറുമിയ്ക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണിത്.
ഇവരെ കൂടാതെ സംവിധായകനായ ബേസില്‍ ജോസഫ്, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2013ല്‍ പുറത്തിറങ്ങിയ സിലോണ്‍ ആണ് സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രമായിരുന്നു സിലോണ്‍. പിന്നീട് സന്തോഷ് ശിവന്‍ ഛായാഗ്രഹണത്തില്‍ ശ്രദ്ധയൂന്നുകയായിരുന്നു.
മണി രത്‌നത്തിന്റെ ചെക്ക ചിവന്ത വാനമാണ് സന്തോഷ് ശിവന്‍ അവസാനമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം. മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രം സന്തോഷ് ശിവന്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ക്ക് ശേഷമേ കുഞ്ഞാലി മരയ്ക്കാറിലേക്ക് പ്രവേശിക്കൂ എന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയിട്ടുണ്ട്.