ഗാന്ധിനഗര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്‌ന പദ്ധതിയായ സര്‍ദാര്‍ പട്ടേലിന്റെ ഏകതാ പ്രതിമാ നിര്‍മ്മാണത്തിന്റെ പേരില്‍ അദ്ദേഹത്തെ പരിഹസിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുന്‍ ബി.ജെ.പി നേതാവുമായ ശങ്കര്‍സിങ് വഗേല. പട്ടേലിന്റെ കൂറ്റന്‍ ഏകതാ പ്രതിമ വെറും മാര്‍ക്കെറ്റിങ് ഗിമ്മിക്ക് ആണെന്നും മോഡി ആദ്യം സി.ബി.ഐയേയും റിസര്‍വ് ബാങ്കിലേയും പ്രതിസന്ധി തീര്‍ത്ത് ഐക്യ കൊണ്ടുവരികയാണ് വേണ്ടതെന്നും വഗേല പറഞ്ഞു. 182 മീറ്റര്‍ ഉയരമുള്ള പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി ബുധനാഴ്ച മോഡി അനാവരണം ചെയ്യാനിരിക്കെയാണ് വഗേലയുടെ പരിഹാസം. ഒരുകാലത്ത് താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത വ്യക്തിത്വമായിരുന്ന സര്‍ദാര്‍ പട്ടേലിനോട് പെട്ടെന്നോരു പ്രേമം എങ്ങനെ വന്നുവെന്നും മോഡിയോട് വഗേല ചോദിച്ചു.
സി.ബി.ഐ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളിലെ ഉന്നതര്‍ക്കിടയില്‍ പോരും അനൈക്യവും മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രധാനമന്ത്രി ഈ പ്രതിസന്ധികള്‍ ആദ്യം കൈകാര്യം ചെയ്തിട്ടുമതി ഏകതയെ കുറിച്ചു സംസാരിക്കല്‍-വഗേല പറഞ്ഞു. ഏത് ഏകതയെ കുറിച്ചാണ് മോഡി സംസാരിക്കുന്നത്? ആദ്യം സി.ബി.ഐയിലും ആര്‍.ബി.ഐയിലും ഐക്യമുണ്ടാക്കൂ. മൂല്യമിടിഞ്ഞ ഇന്ത്യന്‍ രൂപയെ രക്ഷിക്കാനും ഇന്ധന വില കുറക്കാനുമാണ് ഐക്യം വേണ്ടത്- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്റെ ലാളിത്യവും അദ്ദേഹത്തിന്റെ പ്രതിമാ നിര്‍മാണത്തിനു പിന്നിലെ ഉദ്ദേശവും തമ്മില്‍ താരതമ്യം സാധ്യമല്ല. ഗുജറാത്ത് 2,50,000 കോടി രൂപയുടെ പൊതുകടത്തില്‍ മുങ്ങിയിരിക്കുമ്പോഴാണ് 3,000 കോടി രൂപ വെറും പാഴ്‌ചെലവായ ഈ പ്രതിമാ നിര്‍മ്മാണത്തിന് മാറ്റിവച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്ക് രാഷ്ട്രീയ മൈലജുണ്ടാക്കാനുള്ള ഒരു ശ്രമം മാത്രമാണ് പട്ടേല്‍ പ്രതിമയുടെ അനാവരണ പരിപാടി. അവര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നാലര വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഗോത്രവിഭാഗങ്ങള്‍ അതൃപ്തരാണ്, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. സര്‍ക്കാര്‍ ഇവരെ കേള്‍ക്കാന്‍ തയാറാകണം-വഗേല ആവശ്യപ്പെട്ടു.
ഇക്കൂട്ടര്‍ക്ക് പട്ടേലിനോട് ഇഷ്ടമുണ്ടെന്ന് ആരും കരുതേണ്ട. പട്ടേലിന്റെ പേരുപയോഗിച്ചുള്ള വിപണനം മാത്രമാണിത്. പട്ടേലിനോട് കാണിച്ച അനീതിയെ കുറിച്ചാണ് ഇവര്‍ വിളിച്ചു പറയുന്നത്. എന്നാല്‍ പട്ടേലിന്റെ മകള്‍ മാനിബെന്നിനെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പട്ടേലിനെതിരെ അനീതിയുണ്ടായിട്ടില്ലെന്നാണ്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ ആഗ്ഹം പോലുമുണ്ടായിരുന്നില്ല. എന്തു അനീതിയെ കുറിച്ചാണ് പിന്നെ നിങ്ങള്‍ പറയുന്നത്- വഗേല ചോദിച്ചു. പട്ടേലിനെതിരെ കാണിച്ച അനീതിക്ക് ഒരു ഉദാഹരണമെങ്കിലും കാണിക്കാന്‍ ഇവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ 17 കോടി രൂപയോളം അഹമദാബാദ് എയര്‍പോര്‍ട്ടിനു സമീപം സര്‍ദാര്‍ പട്ടേല്‍ സ്മാരകം നിര്‍മ്മിക്കാന്‍ ചെലവിട്ടു. ഈ സ്ഥലത്ത് മോഡി ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടോ? സര്‍ദാരിനെ അത്രത്തോളം ഇഷ്ടമാണെങ്കില്‍ ഇതിനു വേണ്ടി മോഡി എന്താണു ചെയ്തത്?- വഗേല ചോദിച്ചു.