കോണ്‍ഗ്രസ് നേതാവും സ്വാതന്ത്രസമര പേരാളിയും ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏറെ കൊട്ടിഘോഷിച്ച് നിര്‍മ്മിച്ച സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പടുകൂറ്റന്‍ പ്രതിമ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാവരണം ചെയ്യാനിരിക്കുകയാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന വിശേഷിപ്പിക്കുന്ന ഇത് യുഎസിലെ പ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ നാലിരട്ടി ഉയരമുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ പ്രതിമയായ ചൈനയിലെ സ്പ്രിങ് ടെമ്പ്ള്‍ ബുദ്ധയെ കടത്തി വെട്ടുന്ന പട്ടേല്‍ പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമുണ്ട്. മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അഭിമാനസ്തംഭമായാണ് ഈ പ്രതിമ ആഘോഷിക്കപ്പെടുന്നത്.
ഉയരത്തില്‍ ഒന്നാമതെത്തുന്ന ഈ പ്രതിമ മോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ആഗോള പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം മോഡിയുടെ രാഷ്ട്രീയ അഹന്ത കൂടിയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് എഴുതുന്നു. സ്വാഭാവികമായും പട്ടേലിനെ പോലുള്ള വലിയൊരു നേതാവിനുള്ള അര്‍ഹിക്കുന്ന ഒരു അംഗീകാരമായി ഇത് തോന്നിപ്പിച്ചേക്കാം. എന്നാല്‍ ഈ പ്രതിമയ്ക്കു പിന്നില്‍ പ്രതീകാത്മകമായ മറ്റു ചിലതു കൂടിയുണ്ട്.
കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവും ചരിത്രം ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന പട്ടേലിനെ ഒരു ആസൂത്രിത പരസ്യപ്രചാര വേലയിലൂടെ ഹിന്ദു ദേശീയവാദികള്‍ തങ്ങളുടെ വലതു പക്ഷ ഹിന്ദുത്വത്തിന്റെ ഒരു പ്രതീകമായി സ്ഥാപിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. ഈ പ്രതിമ സ്ഥിതി ചെയ്യുന്ന മേഖലയും ചില സൂചനകള്‍ നല്‍കുന്നുണ്ട്. പടിഞ്ഞാറന്‍ ഗുജറാത്തിലാണ് പട്ടേല്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പോയ പതിറ്റാണ്ടില്‍ ഏറ്റവും രൂക്ഷമായി ഹിന്ദുത്വര്‍ മുസ്ലിം വിരുദ്ധ വേട്ട നടത്തിയ മേഖലയാണിത്. സ്വര്‍ണ വര്‍ണത്തിലുള്ള ഈ കുറ്റന്‍ പ്രതിമയുടെ നിഴല്‍ ഇന്നത്തെ രാഷ്ട്രീയത്തിലും വലിയ പ്രതിഫലനമുണ്ടാക്കുന്നു. മോഡിയെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ട് പ്രധാനമായും മൂന്ന് നേട്ടങ്ങളാണ്. തന്റെ ഹിന്ദുത്വ രാഷ്ട്രീയ അടിത്തറയ്‌ക്കൊരു അടയാളം, തന്റെ സ്വന്തം സംസ്ഥാനത്തിന് ഒരു ലോകഭൂപടത്തില്‍ ഒരിടം, ആഗോള ശക്തിയായി വളരുന്ന ഇന്ത്യയുടെ പദവി അടയാളപ്പെടുത്തുന്ന പ്രതീകം. ഈ സര്‍ദാര്‍ പട്ടേല്‍ സ്മാരകം ലോകത്തെ മൊത്തം ആകര്‍ഷിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറാനിരിക്കുകയാണെന്ന് ഒരു പരസ്യ വിഡിയോയില്‍ മോഡി പറയുന്നുണ്ട്. നമ്മുടെ ഉയരും കാണൂ, ഈ രാജ്യത്തിന്റെ ഉയര്‍ച്ച അളക്കൂ. ഇതാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറയുന്നുണ്ട്.
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട മോഡിക്ക് ഈ പ്രതിമ നിര്‍മ്മിക്കാനാവശ്യമായി വിദഗ്ധരെ പക്ഷെ ചൈനയിലെ കണ്ടെത്താനായുള്ളൂ എന്നതും അവിടെ വച്ചാണ് നിര്‍മ്മിച്ചത് എന്നതും മറ്റൊരു വിരോധാഭാസം. ഏകത എന്ന ആശയം പ്രതിഫലിപ്പിക്കുന്നതിന് ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച ലോഹങ്ങള്‍ ഉപയോഗിച്ചാണ് പട്ടേല്‍ പ്രതിമയുടെ അടിത്തറ പണിതിരിക്കുന്നത്. വെങ്കലം കൊണ്ടു മൂടിയ ഈ പ്രതിമ ചൈനയില്‍ നിര്‍മ്മിച്ച് ഇവിടെ എത്തിച്ച് കൂട്ടിയോജിപ്പിച്ചതാണ്. നാലായിരത്തോളം ജോലിക്കാരാണ് മിനുക്കു പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരമ്പരാഗത ഗുജറാത്തി വേഷത്തില്‍ തോളില്‍ ഷാളുമിട്ട് നില്‍ക്കുന്ന പട്ടേലിന്റെ ഈ പ്രതിമ നര്‍മദ നദിയോരത്താണ് സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് 2013ല്‍ ഗുജറാത്തി മുഖ്യമന്ത്രിയായിരിക്കെയാണ് മോഡി ഈ പ്രതിമാ നിര്‍മ്മാണം ആരംഭിച്ചത്. 2014 തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായതോടെ ഈ പ്രതിമാ നിര്‍മ്മാണം ദേശീയ ശ്രദ്ധയില്‍ കൊണ്ടു വരികയും കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാക്കുകയും ചെയ്തു.
ബുധനാഴ്ച ഈ പ്രതിമയുടെ അനാവരണ ചടങ്ങ് മോഡിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക ഉദ്ഘാടനം കൂടിയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പട്ടേല്‍ പ്രതിമ പണിതുയര്‍ത്തുന്നതോടൊപ്പം തന്നെ മോഡി കഴിഞ്ഞ ഏതാനും വര്‍ങ്ങളായി ഏകതാ ദിനാചരണത്തിലൂടേയും പല പ്രസംഗങ്ങളിലൂടെയും പട്ടേലിനെ ബി.ജെ.പിയുടെ സ്വന്തമെന്ന് തോന്നിപ്പിക്കുന്ന ഒരു ഹിന്ദുത്വ ദേശീയവാദി ഐക്കണാക്കി മാറ്റിയിട്ടുണ്ട്. പട്ടേല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ പോലെയാകുമായിരുന്നല്ലെന്നും കശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്റെ അധീനതയിലാകുമായിരുന്നില്ലെന്നും മോഡി പറഞ്ഞിരുന്നു. മതേതര, ബഹുസ്വര രാജ്യ കെട്ടിപ്പടുക്കാനുള്ള കാഴ്ച്ചപ്പാടുമായി ഭരിച്ച പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനുള്ള ഒരു കൊട്ടായിരുന്നു ഇത്. നെഹ്‌റുവിന്റെ ആശയം മോഡിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോട് എന്നും കലഹിച്ചിട്ടെ ഉള്ളൂ.