Sorry, you need to enable JavaScript to visit this website.

ദീപാവലി ഡിമാന്റിലും വെളിച്ചെണ്ണ വില ഇടിവിൽ

കൊച്ചി- ദീപാവലി ഡിമാന്റിനെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് മങ്ങലേറ്റതോടെ വെളിച്ചെണ്ണ കൂടുതൽ പ്രതിസന്ധിയിലായി. 
രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യയെണ്ണകളുടെ  വിൽവന നടക്കുന്നത് ദീപാവലി വേളയിലാണ്. ഉത്സവ ദിനം അടുത്തിട്ടും വെളിച്ചെണ്ണക്ക് ആവശ്യം ഉയരാത്തത് കൊപ്രയാട്ട് വ്യവസായികളെ സമ്മർദത്തിലാക്കി. തമിഴ്‌നാട്ടിലെ മാത്രമല്ല, കേരളത്തിലെ പല മില്ലുകളും സ്‌റ്റോക്ക് വിറ്റഴിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമം നടത്തി. ഇത് നാളികേരോൽപന്നങ്ങളെ കൂടുതൽ സമ്മർദിലാക്കി. 
വെളിച്ചെണ്ണ ഒരുമാസത്തിലേറെയായി വില ഇടിവിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ കൈവശമുള്ള എണ്ണ എത്രയും വേഗത്തിൽ വിൽക്കാനുള്ള നീക്കത്തിലാണ് പല മില്ലുകാരും. കാങ്കയത്തെ വൻകിട മില്ലുകളിൽ നിന്ന് ഉയർന്ന അളവിൽ വെളിച്ചെണ്ണ വിൽപനക്ക് എത്തിയതോടെ വാങ്ങൽ താൽപര്യം ചുരുങ്ങി. തമിഴ്‌നാട്ടിൽ എണ്ണ വില 13,200 ലും കൊപ്ര 9000 രൂപയിലുമാണ്. ദീപാവലി വേളയാണെങ്കിലും പ്രദേശിക തലത്തിൽ വെളിച്ചെണ്ണക്ക് ശ്രദ്ധിക്കപ്പെടാനായില്ല. അതേ സമയം ഈ വാരം മാസാരംഭ ഡിമാന്റിന് തുടക്കം കുറിക്കുമെന്നത് വ്യാപാര രംഗം അൽപം ചൂടുപിടിക്കാൻ അവസരം ഒരുക്കാം. കൊച്ചിയിൽ എണ്ണ വില 14,100 ൽ നിന്ന് 13,800 രൂപയായി. കൊപ്ര 9420 ൽ നിന്ന് 9230  രൂപയായി. വിപണിയിലെ തളർച്ചയിൽ പരിഭ്രാന്തരായ ഒരു വിഭാഗം വിളവെടുപ്പിന് തിരക്കിട്ട നീക്കം നടത്തി. വൈകാതെ കൂടുതൽ കൊപ്ര വിൽപനയ്ക്ക് എത്തിയാൽ വിലയിൽ ചാഞ്ചട്ടം സംഭവിക്കും. 
ദീപാവലി ഡിമാന്റ് മുൻനിർത്തി ആഭ്യന്തര വാങ്ങലുകാർ ഏലക്ക ശേഖരിക്കാൻ മത്സരിച്ചു. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാങ്ങളിൽ നിന്നും മികച്ചയിനം ഏലത്തിന് ആവശ്യക്കാർ എത്തിയതോടെ വില കിലോക്ക് 1676   രൂപ വരെ കയറി. വിലക്കയറ്റം കണക്കിലെടുത്താൽ  വൈകാതെ ഉൽപാദകർ ഏലക്ക തോട്ടങ്ങളിൽ സജീവമാകും. 
അനുകൂല കാലാവസ്ഥ നേട്ടമാക്കി ഉൽപാദകർ റബർ ടാപ്പിങിന് പുനരാരംഭിച്ചു. കൊച്ചി, കോട്ടയം വിപണികളിൽ വരും ദിനങ്ങളിൽ ലഭ്യത ഉയരുമെന്നു വ്യക്തമായതോടെ വ്യവസായികൾ ലാറ്റക്‌സ് വില ഇടിച്ചു. 9400 രൂപയിൽ വിൽപനയ്ക്ക് തുടക്കം കുറിച്ച ലാറ്റക്‌സ് വാരാന്ത്യം 9000 ലേയ്ക്ക് ഇടിഞ്ഞു. ടയർ കമ്പനികൾ 12,700 നാണ് നാലാം ഗ്രേഡ് ശേഖരിച്ചത്. അഞ്ചാം ഗ്രേഡ് 12,200 ലേക്ക് താഴ്ന്നു.
ചുക്ക് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഉത്തരേന്ത്യൻ വ്യാപാരികൾ ചുക്ക് ശേഖരിക്കാൻ ഉത്സാഹിച്ചതോടെ ഉൽപന്ന വില വീണ്ടും ഉയർന്നു. കാർഷിക മേഖലകളിൽ നിന്ന് ടെർമിനൽ മാർക്കറ്റിലേക്ക് കാര്യമായി ചുക്ക് വിൽപനക്ക് ഇറങ്ങുന്നില്ല. കൊച്ചിയിൽ മീഡിയം ചുക്ക് 18,000 - 19000 രൂപയിലും ബെസ്റ്റ് ചുക്ക് 19000 - 20,000 രൂപയിലും വ്യാപാരം നടന്നു. ശൈത്യകാലം ആരംഭിക്കുന്നതോടെ ചുക്കിന് ഡിമാന്റ് ഉയരും.  
ഉത്സവ ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണം പൂർത്തിയാക്കി അന്തർ സംസ്ഥാന വ്യാപാരികൾ രംഗം വിട്ടു. വാങ്ങലുകാരുടെ  അഭാവം ഈ വാരം വിലയെ ചെറിയ അളവിൽ സ്വാധീനിക്കാൻ ഇടയുണ്ട്. അതേ സമയം ദീപാവലി വരെ വിപണിയെ ഉയർത്തിപ്പിടിച്ച് ശേഖരിച്ച മുളക് വൻ വിലക്ക് വിറ്റഴിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. വിദേശ വ്യാപാര രംഗം തളർച്ചയിൽ അകപ്പട്ടതിനാൽ കയറ്റുമതിക്കാർ കുരുമുളകിൽ താൽപര്യം കാണിച്ചില്ല. സാർവദേശീയ വിപണിയിൽ മലബാർ മുളക് വില ടണ്ണിന് 5700 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 39,700 രൂപ. 
    
 

Latest News