പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ടെലികോം കമ്പനിയായ വീക്കോൺ റോക്കുമായി സഹകരിച്ച് കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 25 നഗരങ്ങളിൽ സൗജന്യ നെറ്റ്‌വർക് സേവനം ലഭ്യമാക്കും. അഞ്ച് വർഷക്കാലയളവിൽ 36,000 കോടി രൂപയുടെ നിക്ഷേപം ഇതിനായി നടത്തുമെന്ന് അധികൃതർ അറിയിച്ചു. വീക്കോൺ റോക്ക് കോർപറേഷൻ വൈഫൈ, മൊബൈൽ ഹാൻഡ്‌സെറ്റ് ഉൾപ്പെടുന്ന കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജിക്കായി യു.എസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊച്ചിക്കു പുറമെ നവി മുബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ആഗ്ര, വരാണസി, ഗാസിപൂർ, വിജയവാഡ, കൊൽക്കത്ത, പനാജി, പുനെ, ലഖ്‌നൗ, അഹമ്മദാബാദ്, ഇൻഡോർ, ഭോപാൽ, ജയ്പൂർ, പട്‌ന, ഗുവാഹത്തി, തിരുപതി, ഷിംല, ചണ്ഡീഗഢ്, നോയ്ഡ, ഗുരുഗ്രാം, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിലാണ് സൗജന്യ വൈഫൈ ലഭ്യമാക്കുക. ഇന്ത്യൻ കമ്പനിയായ വീക്കോൺ ഗ്രൂപ്പ് യു.എസ് ആസ്ഥാനമായ റോക്ക് കോർപറേഷനുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. മുഖക്കണ്ണാടി ആവശ്യമില്ലാത്ത 3ഡി മൊബൈൽ ഫോൺ ഹാൻഡ് സെറ്റ് ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിലൂടെ അടുത്ത വർഷം ആദ്യപാദം മുതൽ വിൽപന തുടങ്ങാനും വീക്കോൺ ലക്ഷ്യമിടുന്നു.
ബി.എസ്.എൻ.എൽ ആലപ്പുഴ ജില്ലയിലെ 122 ടവറുകൾ 4ജി സേവന സൗകര്യത്തിലേക്ക് ഉയർത്തും. ഇതിന്റെ നിർമാണ ജോലികൾ അവസാന ഘട്ടത്തിലാണ്. ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെ ടവറുകളും 4ജിയിലേക്ക് മാറ്റും. കവരത്തിയിലെ നാലു ടവറുകളാണ് അപ്‌ഗ്രേഡ് ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ 118 ടവറുകളും 4 ജിയിലേക്ക് ഉയർത്തുന്ന ജോലികൾ പുരോഗമിച്ചു വരികയാണ്. 4 ജി സ്‌പെക്ട്രം ലഭിക്കാത്തതിനാൽ നിലവിലെ 3 ജി സെപ്ക്ട്രം ഉപയോഗിച്ചായിരിക്കും 4 ജി സേവനം നൽകുക. കേരളത്തിലെ മൊബൈൽ നെറ്റ്‌വർക് സേവനം വേഗത്തിലാക്കാൻ കൊച്ചിയിൽ ജി.പി.ആർ.എസ് സ്‌പോട്ട് നോഡും ബി.എസ്.എൻ.എൽ സ്ഥാപിച്ചിട്ടുണ്ട്.
അതിനിടെ അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ റിലയൻസ് ജിയോക്കു പിന്നാലെ മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളും ഒരുങ്ങുന്നു. താമസിയാതെ ഇതുണ്ടായേക്കുമെന്നാണ് സൂചന.
ബി.എസ്.എൻ.എൽ, ഐഡിയ, എയർടെൽ, വോഡഫോൺ എന്നീ മുൻനിര സേവന ദാതാക്കൾ താമസിയാതെ അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ജിയോ അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്തതിൽ വിയോജിപ്പുള്ള ഉപയോക്താക്കൾ സേവന ദാതാക്കളെ ആശ്രയിച്ചേക്കുമെന്ന വാർത്ത വന്നതിന് പിന്നാലെയാണ് മറ്റുള്ളവരും ഈ നിലപാട് സ്വീകരിച്ചേക്കുമെന്ന വാർത്ത പുറത്തു വന്നത്. എല്ലാ സേവന ദാതാക്കളും അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ നിർദേശ പ്രകരമാണ് ജിയോ ഇത്തരം സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തിയത്.