ചാണ്ഡിഗഢ്- സ്ത്രീകള്‍ക്ക് മോശം സന്ദേശമയക്കുന്നതിനെ ലൈംഗിക പീഡനമായി കാണാനാവില്ലെന്ന പഞ്ചാബ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം വിവാദമായി. എ.ഐ.സി.സിയില്‍ പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ആഷാ കുമാരിയാണ് വിവാദ പ്രസ്താവന നടത്തിയത്. ലൈംഗിക ആരോപണം നേരിടുന്ന സംസ്ഥാന ടെക്നിക്കല്‍ എജുക്കേഷന്‍ മന്ത്രി ചരഞ്ജിത് സിംഗ് ചാന്നിയെ ന്യായീകരിക്കാനായിരുന്നു ഇവരുടെ പരാമര്‍ശം. ലൈംഗികച്ചുവയോടെ എസ്.എം.എസും വാട്സാപ്പ് സന്ദേശങ്ങളും അയക്കുന്നത് ലൈംഗിക പീഡനമല്ലെന്ന വാദമാണ് കോണ്‍ഗ്രസ് വനിതാ നേതാവ് മുന്നോട്ടുവെച്ചത്. ഇതിനെതിരെ വിവിധ നേതാക്കള്‍ രംഗത്തുവന്നു.
ഏതാനും ആഴ്ചമുമ്പ് വനിതാ ഉദ്യോഗസ്ഥക്ക് മോശം എസ്.എം.എസ് അയച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്.
മന്ത്രിയുടെ തെറ്റായ ചെയ്തികളെ മറച്ചുപടിക്കുന്നതിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആഷാകുമാരിയെ ചുമതലപ്പെടുത്തിയിരിക്കയാണെന്ന് ശിരോമണി അകാലി ദള്‍ (എസ്.എ.ഡി) ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഒരു വനിത മറ്റൊരു വനിതക്കെതിരെ രംഗത്തുവന്നത് ഞെട്ടിച്ചുവെന്ന് എസ്.എ.ഡി പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് പറഞ്ഞു.
സന്ദേശമയക്കുന്നതും ലൈംഗിക പീഡനവും രണ്ടാണെന്നാണ് ആഷാ കുമാരി പറഞ്ഞത്. ഒരു മെസേജ് അയക്കുന്നത് മീ ടൂ അടിസ്ഥാനമാക്കിയുള്ള കേസാവില്ല. മന്ത്രി ചാന്നിക്കെതിരെ പാര്‍ട്ടിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.