എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും അതിന് ആ തിരക്കഥ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും നിര്‍മാതാവ് ഡോ. ബി ആര്‍ ഷെട്ടി. എംടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നുവെന്നും വ്യവസായിയായ ബി.ആര്‍. ഷെട്ടി അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടാമൂഴവുമായി മുന്നോട്ടു പോകുമെന്ന് എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എംടി നല്‍കിയ പരാതിയുടെ വിധി ഡിസംബര്‍ ഏഴിലേക്ക് മാറ്റിയിരുന്നു. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.
സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് രണ്ടാമൂഴത്തില്‍ നിന്നും പി•ാറിയതെന്നാണ് എം ടി പറഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരക്കഥ സിനിമയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും സിനിമ തുടങ്ങിയില്ല. മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും സംവിധായകനുമായി വഴക്കിട്ടു പിരിഞ്ഞതല്ലെന്നും എം ടി വ്യക്തമാക്കി.
സംവിധായകന്‍ ശ്രീകുമാറാണു ചിത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചത്. മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിനു സമ്മതിച്ചത്. ഇക്കാര്യത്തില്‍ എംടി വാസുദേവന്‍ നായര്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും ബി.ആര്‍. ഷെട്ടി വ്യക്തമാക്കി.
എംടിയുമായി ഇതിനെകുറിച്ചു സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ഷെട്ടി പറഞ്ഞു. മൂന്നു മണിക്കൂര്‍ വീതമുള്ള രണ്ടു ഘട്ടങ്ങളായി 2020ഓടെ ചിത്രം പുറത്തിറക്കുമെന്നും ഷെട്ടി വ്യക്തമാക്കി. യൂണിമണി, യുഎഇ എക്‌സ്‌ചേഞ്ച് അടക്കമുള്ള സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് മംഗലാപുരം സ്വദേശിയായ ബി.ആര്‍. ഷെട്ടി.