- കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി, ഇടക്കാല ഡയറക്‌റുടെ അധികാരം വെട്ടിക്കുറച്ചു
ന്യൂദൽഹി- ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ നിന്നും അലോക് വര്‍മയെ മാറ്റി അദ്ദേഹത്തിനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നടത്തിവരുന്ന അന്വേഷണം രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. കമ്മീഷന്‍ നടത്തുന്ന അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി എ.കെ പട്‌നായിക്കിനേയും കോടതി ചുമതലപ്പെടുത്തി. കേസ് നവംബര്‍ 12ന് വീണ്ടും പരിഗണിക്കും. സിബിഐ ഡയറക്ടർ പദവില്‍ നിന്നും നിര്‍ബന്ധിത അവധിയില്‍ വിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയും പകരം ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ച നടപടിയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ
ഉത്തരവ്.
ഇടക്കാല മേധാവിയായി സര്‍ക്കാര്‍ നിയമിച്ച നാഗേശ്വര്‍ റാവുവിന്റെ അധികാരപരിധിയും കോടതി വെട്ടിക്കുറച്ചു. കേസ് തീര്‍പ്പാക്കുന്നതു വരെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമാണ് റാവുവില്‍ നിന്നും എടുത്തു മാറ്റിയത്. സി.ബി.ഐയുടെ പ്രവര്‍ത്തനം മാത്രം റാവു ശ്രദ്ധിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 23-ന് റാവുവിനെ നിയമിച്ചതിനു ശേഷം അദ്ദേഹം എടുത്ത തീരുമാനങ്ങളെല്ലാം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതും രാകേഷ് അസ്താനയ്‌ക്കെതിരായ അന്വേഷണവും സംബന്ധിച്ച തീരുമാനങ്ങളും ഉള്‍പ്പെടും.
തലമുതിര്‍ന്ന അഭിഭാഷകനും നിയമജ്ഞനുമായ ഫാലി എസ്. നരിമാനാണ് അലോക് വര്‍മയ്ക്കു വേണ്ടി ഹാജരായത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ അനുമതിയോടെയാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നത്. സിബിഐ നിയമം അനുസരിച്ച് രണ്ടു വർഷത്തെ നിയമന കാലാവധിയുള്ള സിബിഐ ഡയറക്ടറെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നീക്കാൻ പാടില്ലെന്ന് നരിമാന്‍ വാദിച്ചു.
കേന്ദ്ര സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി നിർബന്ധിത അവധിയിൽ പ്രവേശിച്ച അലോക് വർമ തന്നെയാണ് ഇപ്പോഴും സിബിഐയുടെ ഡയറക്ടർ എന്ന വിശദീകരണവുമായി സിബിഐ ഇന്നലെ രംഗത്തെത്തിയിരുന്നു. അവധിയിൽ പ്രവേശിച്ച രാകേഷ് അസ്താനയും സിബിഐ സെപ്ഷ്യൽ ഡയറക്ടർ സ്ഥാനത്തു തുടരുന്നു. സിബിഐയിലെ ഒന്നാമനും രണ്ടാമനുമായ അലോക് വർമയ്ക്കും രാകേഷ് അസ്താനയ്ക്കും എതിരായ ആരോണ പ്രത്യാരോപണങ്ങൾ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തുന്നതു വരെയാണ് എം. നാഗേശ്വർ റാവുവിനെ ഇടക്കാല ചുമതല നൽകിയിരിക്കുന്നതെന്നാണു വിശദീകരണം. നാഗേശ്വർ റാവു സിബിഐ ഡയറക്ടറുടെ ചുമതലകൾ നിറവേറ്റുക മാത്രമാണു ചെയ്യുന്നതെന്നാണ് സിബിഐ വ്ക്താവ് വിശദീകരിക്കുന്നത്.
അതിനിടെ, അലോക് വര്‍മയുമായി പോരടിക്കുന്ന സി.ബി.ഐ ഉപമേധാവി രാകേഷ് അസ്താനയും തന്നെ നിര്‍ബന്ധിത അവധിയില്‍ വിട്ട സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സമയം വൈകി എന്നു ചൂണ്ടിക്കാട്ടി അസ്താനയുടെ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല.